മാനനഷ്ട കേസുകളില്‍ വിയര്‍ത്ത് കെജരിവാള്‍: മാപ്പു പറയല്‍ തുടരുന്നു

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ബിക്രം സിംഗ് മചീതിയയോട് അരവിന്ദ് കെജരിവാള്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പാര്‍ട്ടിയുടെ പരമോന്നത നേതാവ് കൂടിയായ അരവിന്ദ് കെജരിവാള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടും, കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനോടും മാപ്പപേക്ഷിച്ചു.

അരവിന്ദ് കെജരിവാള്‍ പുറത്തുവിട്ട രാജ്യത്തെ അഴിമതിക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയുടെ പേര് ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തു നിതിന്‍ ഗഡ്കരി ഫയല്‍ചെയ്ത മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് കെജരിവാള്‍ തന്റെ നടപടിയില്‍ മാപ്പപേക്ഷച്ചിരിക്കുന്നത്.

‘തെളിയിക്കാനാവുമോ എന്നത് പരിഗണിക്കാതെ താങ്കള്‍ക്കെതിരായി ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ താങ്കളില്‍ വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ താങ്കള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ഖേദിക്കുന്നതായും താങ്കള്‍ക്കെതിരെ വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ലെന്നും’ നിധിന്‍ ഗഡ്കരിക്ക് എഴുതിയ കത്തില്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇരുവരും ദില്ലി പാട്യാല കോടതിയില്‍ മാനനഷ്ടക്കേസ് പിന്‍വലിക്കാനുള്ള ജോയിന്റ് അപേക്ഷ ഫയല്‍ ചെയ്തു.

തന്നെയും മകനെയും അപകീര്‍ത്തിപ്പെടുത്തികൊണ്ടുള്ള അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയില്‍ അദ്ദേഹം തങ്ങളോട് മാപ്പ് പറഞ്ഞതായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും ദില്ലിയില്‍ വ്യക്തമാക്കി. മാപ്പപേക്ഷിച്ചതിനെത്തുടര്‍ന്ന് കൈജരിവാളിനെതിരെയുള്ള നിയമനടപടികളില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. മകന്‍ അമിത് സിബല്‍ മുഖേന ടെലികോം കമ്പനിയായ വോഡഫോണിനെ സഹായിക്കാന്‍ നികുതി നയത്തില്‍ കപില്‍ സിബല്‍ തിരിമറി നടത്തിയെന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചത്.

രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി കടന്നുപോകുന്നത്. അഴിമതിവിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി ദില്ലിയില്‍ അധികാരത്തിലേറിയ പാര്‍ട്ടി രാജ്യത്താകമാനം അഴിമതിവിരുദ്ധ മുന്നേറ്റം സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരമോന്നത നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതോടെ അഴിമതിക്കെതിരെയുള്ള സന്ധിയില്ലാസമരം എന്ന പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യം വിമര്‍ശന വിധേയമാക്കപ്പെടും. ഹോസ്പിറ്റലും സ്‌കൂളുകളും നിര്‍മ്മിക്കുകയും ജനങ്ങളെ സേവിക്കുകയുമാണ് തങ്ങളുടെ പ്രധാന അജണ്ട എന്നാണ് കെജരിവാളിന്റെ മാപ്പപേക്ഷ പറ്റിയുള്ള ചോദ്യത്തിന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.

ബിക്രം സിംഗ് മചീതിയയോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷനും ഉപാധ്യക്ഷനും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള 20 എം.എല്‍.എമാരുമായി മനീഷ് സിസോദിയയുടെ വസതിയില്‍ ഞായറാഴ്ച്ച അരവിന്ദ് കേജരിവാള്‍ കൂടിക്കാഴ്ച്ച നടത്തി.
മുപ്പത്തിമൂന്ന് മാനനഷ്ടക്കേസുകള്‍ അരവിന്ദ് കെജരിവാളിനെതിരെ നിലനില്‍ക്കുന്നുണ്ട്. ദില്ലി ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാരോപണ വിധേയനായ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത കേസാണതില്‍ പ്രധാനം. ജയ്റ്റ്‌ലിയോടും കെജരിവാള്‍ മാപ്പപേക്ഷ നല്‍കി മാനനഷ്ട കേസില്‍ നിന്ന് തടിയൂരുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

SHARE