ഖത്തറില്‍ എക്‌സ്പ്രസ് വേകള്‍ 2022ന് മുമ്പ്; സ്വകാര്യ പങ്കാളിത്വം ശക്തിപ്പെടുത്തും

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി നടപ്പാക്കും. എല്ലാ പദ്ധതികളും 2022നു മുന്നോടിയായി പൂര്‍ത്തീകരിക്കും. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഖത്തര്‍ മികച്ച ശ്രമങ്ങളും ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനം പുതിയ സര്‍ക്കാര്‍ ടെണ്ടര്‍ നിയമത്തിന്റെ നടപ്പാക്കലാണ്. സര്‍ക്കാര്‍ ടെണ്ടറുകളില്‍ ചെറുകിട ഇടത്തരം വ്യവസായസംരംഭകര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക ഗ്യാരന്റി ഒഴിവാക്കുന്നതുള്‍പ്പടെയുള്ള ഇളവുകളാണ് പുതിയ നിയമത്തിലൂടെ ലഭിക്കുന്നത്. വാണിജ്യനിയമങ്ങളുടെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാനകാര്യം. ചില ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വാണിജ്യ ഏജന്റുമാരുടെ കുത്തക ഒഴിവാക്കുന്നതിനും ഏജന്റുമാര്‍ അല്ലാത്തവര്‍ക്കും അത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും നിയമം അനുവദിക്കുന്നുണ്ട്.

ഭാവിയില്‍ മറ്റു മേഖലകളിലും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനായി ഉദാരവല്‍ക്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കോര്‍്പ്പറേറ്റ് നിയമങ്ങളുടെ പരിഷ്‌കരണം, രാജ്യാന്തര നിലവാരങ്ങള്‍ക്കനുസതൃതമായി കമ്പനികളുടെ സാമ്പത്തിക സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള സംവിധാനം എന്നിവയും സ്വീകരിച്ചു.
പൊതുസ്വകാര്യ മേഖലകള്‍തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിന് ഇത് സഹായകമാകും. ഉന്നത നിലവാരത്തിലും കുറഞ്ഞ ചെലവിലും പദ്ധതി നടപ്പാക്കാനുമാകും.

ഇതിനുപുറമെ ഖത്തറില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും നിയമം സഹായകമാകും. നിലവില്‍ അടിസ്ഥാനസൗകര്യമേഖലയില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപത്തിലേക്ക് വിദേശനിക്ഷേപത്തിന്റെ സാധ്യതകള്‍തുറക്കും. എല്ലാ പദ്ധതികള്‍ക്കും ഫണ്ട് ലഭ്യമാക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണ്.
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഇടപെടല്‍. തൊഴിലാളികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വമ്പന്‍ പാര്‍പ്പിട യൂണിറ്റിന്റെ നിര്‍മാണവും എക്കണോമിക്, ലോജിസ്റ്റിക്‌സ് സോണുകളുടെ വികസനവും സ്വകാര്യമേഖലയെ ശക്തിപ്പെടുത്താന്‍ ഖത്തര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ്.
ദേശീയ തന്ത്രങ്ങള്‍ക്കനുസൃതമായും ഖത്തറിന്റെ സമൃദ്ധിയും സുസ്ഥിരതയും കൈവരിക്കാന്‍ കഴിയുന്ന വിധത്തിലും പദ്ധതികളും പരിപാടികളും നടപ്പാക്കാന്‍ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നല്‍കേണ്ടതിന്റെ ആവശ്യകതയും അമീര്‍ വിശദീകരിച്ചു.

SHARE