തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തലസ്ഥാനത്തടക്കം കീം പരീക്ഷ നടത്തി പ്രതിഛായ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ഗുരുതരമായി തിരിച്ചടിയായി. പരീക്ഷയെഴുതി ബലിയാടായത് പാവം വിദ്യാര്‍ഥികളും രക്ഷിതാക്കളും. തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാവിനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ഹാളില്‍ പരീക്ഷ എഴുതിയ എല്ലാവരെയും നിരീക്ഷണത്തിലാക്കി.
പരീക്ഷകള്‍ മാറ്റിവെക്കണമെന്ന വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും നിരന്തരമായ അഭ്യര്‍ഥന മാനിക്കാതെയാണ് സര്‍ക്കാര്‍ കീം പരീക്ഷയുമായി മുന്നോട്ടു പോയത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഇടങ്ങളിലും കണ്ടെയ്ന്മെന്റ് സോണുകളിലും എല്ലാം വളരെ നിരുത്തരവാദപരമായായിരുന്നു കീം പരീക്ഷ നടത്തിയിരുന്നത്. വേണ്ട വിധത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയും നിയമം പാലിക്കാന്‍ തക്കവണ്ണമുള്ള സൗകര്യങ്ങള്‍ ഒരുക്കാതെയുമായിരുന്നു പലയിടത്തും പ്രവേശന പരീക്ഷ നടന്നത്. ഇതു കാരണം കുട്ടികളും രക്ഷിതാക്കളും ഒരുപോലെ വലഞ്ഞു. പല സെന്ററുകളിലും ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കികയിരുന്നില്ല.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ജീവന് അപകടത്തിലാക്കി പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്‍ട്രന്‍സ് കമ്മീഷണറെ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും മുനീര്‍ പറഞ്ഞു.
പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും പരിഭ്രമിക്കാതെ ടെസ്റ്റിന് തയ്യാറായി മുന്നോട്ടു വരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.