ഗ്രീന്‍ ഫീല്‍ഡ് ടി-20 : കേരളാ ക്രിക്കറ്റിന് റെക്കോര്‍ഡ് വരുമാനം

തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു
ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ ഒന്നര കോടി രൂപയും ലഭിക്കുന്നതോടെ കളിയുടെ മൊത്തം വരുമാനം ആറുകോടി എണ്‍പതിയെട്ടു ലക്ഷമാവും. ഇതാദ്യമായാണ് ഒരു ഇന്റര്‍ നാഷണല്‍ മത്സരത്തിന് ഇത്രയും തുക വരുമാന ഇനത്തില്‍ കെ.സി.എക്ക് ലഭിക്കുന്നത്.

ഗാലറികള്‍ നിറഞ്ഞെഴുകിയ കൊച്ചി സ്റ്റേഡിയങ്ങളിലെ മത്സരങ്ങളില്‍ ടിക്കറ്റ് വില്‍പ്പന ഇനത്തില്‍ രണ്ടു കോടിയില്‍ താഴെയായിരുന്നു വരുമാനം. തിരുവന്തപുരത്ത് 2.36 കോടി രൂപ ലക്ഷ്യം വെച്ചു  തുടങ്ങിയ ടിക്കറ്റ് വില്‍പ്പനക്ക് ഡിമാന്റ് വര്‍ദ്ധിച്ചതോടെ 2.91 കോടിയിലാണ് അവസാനിച്ചത്. പതിനഞ്ച് പേര്‍ക്ക് മാത്രം ഇരിപ്പിടമുള്ള കോര്‍പറേറ്റ് ബോക്‌സ് അഞ്ചു ലക്ഷം രൂപക്കാണ് ഒരു അമേരിക്കന്‍ കമ്പനി സ്വന്തമാക്കിയത്. ഇതെല്ലാം വരുമാന വര്‍ദ്ധനവിന് ഇടയാക്കി. മൊത്തം 32000 ടിക്കറ്റ് വിറ്റ മത്സരത്തില്‍ പകുതിയിലേറയും ഓണ്‍ലൈന്‍ വഴിയാണ് വിറ്റത്.

ടിക്കറ്റ് വില്‍പ്പനയിലും വരുമാനത്തിലും ഇതുവരെ കേരളത്തില്‍ നടന്ന രാജ്യാന്തര മത്സരങ്ങളില്‍ റെക്കോര്‍ഡ് ഗ്രീന്‍ഫീല്‍ഡിലെ മത്സരത്തിലാണ്. ചിലവുകണക്കുകള്‍ ക്രോഡീകരിച്ചു വരികാണ്. രണ്ടര കോടിയോളം ചിവല് വരുമെന്നാണ് കരുത്തുന്നത് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

മത്സരത്തില്‍ ആറു റണ്‍സിന് ന്യൂസിലന്റിനെ പരാജയപ്പെടുത്തി ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിരുന്നു.