സോളാര്‍ കേസ്: തനിക്ക് നീതി കിട്ടിയില്ലെന്ന് കെ.സി വേണുഗോപാല്‍

ആലപ്പുഴ: സോളാര്‍ കേസില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍ രംഗത്ത്. സോളാര്‍ വിഷയത്തില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുന്ന രീതിയാണുണ്ടായത്. രാഷ്ട്രീയരംഗത്തുള്ളവരെ താറടിക്കുന്നതിന് സോളാര്‍ കമ്മീഷനെ കരുവാക്കിയിരിക്കുകയാണ്. സരിതയുടെ കത്തില്‍ ഗൂഢാലോന നടന്നതായും കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നീതിരഹിതമായാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. തന്റെ പേര് കത്തില്‍ ഇല്ലായിരുന്നെന്നും കത്ത് പരിശോധന നടത്താതെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാലുകൊല്ലമായിട്ടും ഒരു കൊച്ച് തെളിവ് പോലും ഹാജരാക്കിയിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ടെലിഫോണ്‍ രേഖകളെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. കമ്മീഷന്‍ നിഗമനങ്ങളിലോ ശുപാര്‍ശകളിലോ പ്രധാന കണ്ടെത്തലുകളില്ല. പക്ഷേ കത്ത് കൂടെചേര്‍ച്ച് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് കമ്മീഷന്‍ ചെയ്തതെന്നും വേണുഗോപാല്‍ പറഞ്ഞു.