ശബരിമല: നിയമനിര്‍മ്മാണം ആലോചിക്കുമെന്ന് കെ.സി വേണുഗോപാല്‍


തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനിര്‍മാണം കൊണ്ടുവരിക. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്റില്‍ പല തവണ ആവശ്യമുയര്‍ന്നിട്ടും അതിനൊന്നും മറുപടി പോലും നല്‍കാതിരിക്കുകയും ഇപ്പോള്‍ അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് പരിധിവിട്ട നാടകമാണ്.
വിശ്വാസികളുടെ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ആറിന് താന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മറുപടി തന്നില്ല. മുത്വലാഖ് നിയമം നടപ്പാക്കാന്‍ ധൃതികാട്ടിയ കേന്ദ്രസര്‍ക്കാര്‍, എന്തുകൊണ്ടാണ് ശബരിമല വിഷയത്തില്‍ ഇടപെടാതെ മാറി നിന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.
ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്.144 പ്രഖ്യാപിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇതിന് തെളിവാണ്. ശബരിമലയില്‍ ആക്ടിവിറ്റ്‌സുകളെ കയറ്റാന്‍ ഇടതുസര്‍ക്കാര്‍ ഒരുവശത്ത് ശ്രമിച്ചപ്പോള്‍, മറുവശത്ത് ആര്‍.എസ്.എസും സംഘ്പരിവാറും ശബരിമലയെ കലാപഭൂമിയാക്കി. ഇതിനിടെ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ മൂലം യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ക്ക് പോലും ദര്‍ശനം നിഷേധിക്കപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാതിരുന്നതും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ തെളിവായിരുന്നുവെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ശബരിമലയെ രക്തപങ്കിലമാക്കിയതിന്റെ ഉത്തരവാദിത്വം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. വിശ്വാസ ലോകത്തെ വഞ്ചിച്ച ഇരുകൂട്ടരും മാപ്പ് പറഞ്ഞ് കീഴടങ്ങണം. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണ് അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇത് പ്രധാനമന്ത്രിയുടെ നാടകമാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണത്തിന്റെ വിനാശകരമായ ഇടപെടല്‍ മൂലം തകര്‍ന്ന രാജ്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള നിര്‍ണായക തെരഞ്ഞെടുപ്പാണിത്. ഇന്ത്യയുടെ പ്രതീക്ഷകളെ തകര്‍ത്ത സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമായി തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ വിനിയോഗിക്കും അദ്ദേഹം വ്യക്തമാക്കി.