സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പരാതി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് പരാതി നല്‍കി. നിയമസഭയില്‍ വെക്കാതെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന് കാണിച്ചാണ് കെ.സി ജോസഫ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അതേസമയം, സോളാര്‍ റിപ്പോര്‍ട്ടിന് ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

ഇന്നലെയാണ് റിപ്പോര്‍ട്ട് പ്രകാരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്‌നുമെതിരെ കേസെടുക്കാനുള്ള നിയമോപദേശം ലഭിച്ചുവെന്ന് പിണറായി അറിയിച്ചത്. റിപ്പോര്‍ട്ട് വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സോളാര്‍ റിപ്പോര്‍ട്ട് നിമയസഭയില്‍ വെക്കാതെയുള്ള നടപടി ശരിയായില്ലെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ഇന്ന് കെ.സി ജോസഫ് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പരാതി നല്‍കുകയായിരുന്നു.

അതിനിടെ, സോളാര്‍ കേസിലെ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. മൂന്ന് എസ്.പിമാരേയും ഒരു ഡി.വൈ.എസ്.പിയേയും രണ്ട് സി.ഐമാരേയും സ്ഥലം മാറ്റി. എസ്.പിമാരായ സുദര്‍ശന്‍, അജിത്, റെജി ജേക്കബ്, ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ എബ്രഹം, സി.ഐമാരായ റോയി, ബിജു ജോണ്‍ ലൂക്കോസ് എന്നിവരേയും കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റി.