മുന്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

കഴക്കൂട്ടം: മുന്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വെട്ടുറോഡ് കാവോട്ടുമുക്കിനടുത്ത് റിട്ടയേര്‍ഡ് അദ്ധ്യാപകനായ അബ്ദുല്‍സലാം (78), പേരക്കുട്ടി ആലിയഫാത്തിമ (11) എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് ബസിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ആലിയഫാത്തിമ്മ.

ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. മുന്‍ പൊലീസുകാരനായ മാഹിനാണ് കാറോടിച്ചിരുന്നത്. അപകടസമയത്ത് െ്രെഡവര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. രോഷാകുലരായ നാട്ടുകാര്‍ കാര്‍ തല്ലിത്തകര്‍ത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉണ്ടായി.

ഇന്നോവ കാര്‍ രണ്ട് ബൈക്കിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചശേഷമാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. അബ്ദുല്‍സലാം തല്‍ക്ഷണം മരിച്ചു. ആലിയയെ മെഡിക്കല്‍കോളേജ് ആസ്പത്രിയിലെത്തിച്ചശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് അന്ത്യം സംഭവിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മാഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. പൊലീസിലായിരുന്ന മാഹിന്‍ 15 വര്‍ഷംമുമ്പ് അവധിയെടുത്ത് വിദേശത്ത് പോകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിരിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

SHARE