ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടന്ന അച്ഛനും മകനും കോവിഡ്; കായംകുളത്ത് അതീവ ജാഗ്രത

കായംകുളം: ക്വാറന്റീനില്‍ ഇരിക്കണമെന്ന അധികൃത നിര്‍ദ്ദേശം അവഗണിച്ച് നാട്ടില്‍ കറങ്ങിയ അച്ഛനും മകനും കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര ചെന്നിത്തല സ്വദേശികളാണ് ഇവര്‍. മുംബൈയില്‍നിന്നെത്തിയ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കായംകുളം നഗരത്തില്‍ ജാഗ്രത പ്രഖ്യാപിച്ചു.

മുംബൈയില്‍ നിന്ന് തിരിച്ചു വന്ന ശേഷം ഇവര്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുകയും സ്‌കാനിംഗ് സെന്ററിലേക്കും മാര്‍ക്കറ്റിലേക്കും പോകുകയും ചെയ്തിരുന്നു. ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഡോക്ടറും സ്‌കാനിംഗ് സെന്ററിലെ രണ്ടു ജീവനക്കാരും ക്വാറന്റീനിലായി. ഓട്ടോ ഡ്രൈവറും ക്വാറന്റീനില്‍ പോയി.

ഭര്‍ത്താവും ഭാര്യയും മകനുമടങ്ങിയ കുടുംബം 20 ദിവസം മുമ്പാണ് മുംബെയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. നാട്ടിലെത്തിയ ശേഷം ഇവര്‍ ചെന്നിത്തലയില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

രണ്ടു ദിവസം മുന്‍പ് ഗൃഹനാഥന് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ കായംകുളത്തെത്തിച്ച് ഡോക്ടറെ കാണിച്ച് ചികിത്സ തേടി. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ ഓട്ടോയില്‍ വീണ്ടും ഡോക്ടറെ കാണാനെത്തിയിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് ഇവര്‍ സ്‌കാനിംഗ് നടത്തുന്നതിനായും പോയി.

ഇതിനു ശേഷമാണു മാര്‍ക്കറ്റിലെത്തി ഇറച്ചിയും പലചരക്കുകടയില്‍ നിന്നും ഉള്ളിയും മറ്റും വാങ്ങി ശേഷം ഇവര്‍ മടങ്ങിയത്. വെള്ളിയാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

രോഗികള്‍ എത്തിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പലചരക്കു കടയും മെഡിക്കല്‍ സ്റ്റോറും ഇറച്ചി മാര്‍ക്കറ്റും അടപ്പിച്ചു. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്.