കാവ്യയുടേയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ദിലീപിന്റെ അഞ്ചാം ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനും സംവിധായകന്‍ നാദിര്‍ഷയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായകമാകും. നാളെയാണ് ദിലീപിന്റെ അഞ്ചാം ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍സുനിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്കു മുന്നിലെത്തും.

അന്വേഷണസംഘം തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷാ ഹൈക്കോടതിയിലെത്തിയത്. പിന്നീട് കോടതി ഉത്തരവുപ്രകാരമാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്. അഞ്ചുമണിക്കൂര്‍ ചോദ്യംചെയ്തതിനു ശേഷം നാദിര്‍ഷായെ പോലീസ് വിട്ടയക്കുകയും ചെയ്തു. നാദിര്‍ഷയെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അന്വേഷണസംഘം പറഞ്ഞിരുന്നു. അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന പരാതി തന്നെയാണ് കാവ്യമാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. അതേസമയം, കാവ്യയെ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.