ദിലീപ്-മഞ്ജു പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായി; കാവ്യയുടെ നിര്‍ണ്ണായക മൊഴി പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന്‍ പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ദിലീപ്-മഞ്ജു വാര്യര്‍ ബന്ധം തകര്‍ത്തതില്‍ അക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന് കാവ്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്ത് പറയുന്നയാളാണെന്നു കാവ്യ മൊഴി നല്‍കി. ഇത്തരം കാര്യങ്ങള്‍ കുടുബത്തെ ബാധിക്കുന്നത് പ്രശ്‌നമാണ്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായിട്ടുണ്ട്.

‘മഴവില്ലഴകില്‍ അമ്മ’ ഷോയുടെ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും പറ്റി നടി പറഞ്ഞിരുന്നു. താനും ദിലീപും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഫോട്ടോയെടുത്ത് നടി മഞ്ജുവിന് അയച്ചുകൊടുത്തു. ഇക്കാര്യം ദിലീപ് പറഞ്ഞാണ് അറിഞ്ഞത്. 2012ലാണ് പ്രശ്‌നം രൂക്ഷമായത്. അതിന് നടിയും കാരണമായിട്ടുണ്ട്. തന്നെക്കുറിച്ചും ദിലീപിനെക്കുറിച്ചും ബിന്ദു പണിക്കരോടും കല്‍പനയോടും പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം താനാണെന്ന് നടി പലരോടും പറഞ്ഞു. ഇക്കാര്യം ബിന്ദു പണിക്കരാണ് ദിലീപിനെ അറിയിച്ചത്.

അമ്മ’ ക്യാംപിലെ സംഭവത്തിനു ശേഷം നടിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പക്ഷേ ക്യാംപിലെ സംഭവത്തെപ്പറ്റി നടന്‍ സിദ്ദീഖിനോടു പരാതി പറഞ്ഞിരുന്നു. ഇനി ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് സിദ്ദീഖ് നടിയെ ശാസിക്കുകയും ചെയ്തു. മഞ്ജുവാര്യര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ പറഞ്ഞു.

ദിലീപ്-മഞ്ജു വിവാഹ മോചനത്തിന് കാരണം താനല്ലെന്നും മറിച്ച് ശ്രീകുമാര്‍ മേനോനായിരുന്നുവെന്നും കാവ്യ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

ഈ സംഭവത്തിനുശേഷം ദിലീപ് അവരുമായി സംസാരിച്ചിട്ടില്ല. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ ‘പതിനേഴില്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഡാന്‍സ് ആണ് ഞാനും ദിലീപും ചേര്‍ന്നാണ് ആ ഷോയില്‍ അവതരിപ്പിച്ചിരുന്നത്. അതിന്റെ റിഹേഴ്‌സല്‍ നടക്കുന്ന സമയത്താണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.

ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നുമുതലാണ് തുടങ്ങിയതെന്ന് തനിക്കറിയില്ല. മഞ്ജു വാര്യറുമായി ഞാനിപ്പോള്‍ സംസാരിക്കാറില്ല.നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്.

സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്. നടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ട് എല്ലാ പിന്തുണയും തങ്ങള്‍ അറിയിച്ചിരുന്നതായും കാവ്യ പറഞ്ഞു.

അതേ സമയം നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം നേരത്തേ അറിയാമായിരുന്നുവെന്നും എന്നാല്‍ പ്രശ്‌നത്തില്‍ ഇതേവരെ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നും എംഎല്‍എയും നടനുമായ മുകേഷ് മൊഴി നല്‍കി. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് വിളിച്ചിരുന്നു. പിന്നീട് നടിക്കു നീതി കിട്ടണം എന്ന ആവശ്യം വന്നപ്പോഴും സംസാരിച്ചു. എന്നാല്‍ പരാതിയില്ലെന്നാണു പറഞ്ഞത്.

‘അമ്മ ഷോ’ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ് തന്റെ ഡ്രൈവര്‍. എന്നാല്‍ സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല. (ഷോയുടെ സമയത്താണ് ആക്രമണവുമായി ബന്ധപ്പെട്ട ആദ്യ ഗൂഢാലോചന നടന്നതെന്ന് പൊലീസ് പറയുന്നു) വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടര്‍ന്നാണു സുനിയെ പറഞ്ഞു വിട്ടത്. സുനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴായിരുന്നു മോഷണം.