ദിലീപിന്റെ ജാമ്യം തള്ളാന്‍ കാവ്യയുടെ മൊഴിയും കാരണമായെന്ന് റിപ്പോര്‍ട്ട്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളാന്‍ കാരണം നടിയും ഭാര്യയുമായ കാവ്യമാധവന്റെ മൊഴിയാണെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത് കാവ്യമാധവന്റെ മൊഴിയാണെന്നാണ് പുറത്തുവരുന്നത്. സുനിയെ ആദ്യം അറിയില്ലെന്ന നിലപാടാണ് കാവ്യമാധവനും ദിലീപും സ്വീകരിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ കാവ്യമാധവന്റെ ഡ്രൈവറായിരുന്നു സുനിയെന്ന് പോലീസ് കണ്ടെത്തി. കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ സുനി എത്തിയിരുന്നുവെന്നും കാവ്യയുടെ ഫോണില്‍ നിന്ന് സുനി ദിലീപിനെ വിളിച്ചതായും കാവ്യ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് താന്‍ സുനിക്ക് 25,000രൂപ നല്‍കിയെന്നും കാവ്യയുടെ മൊഴിയില്‍ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഈ മൊഴിയാണ് ഇന്ന് ദിലീപിന് വിലങ്ങായത്. കൂടാതെ ജാമ്യം നല്‍കിയാല്‍ സിനിമാരംഗത്തുള്ളവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചു. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേസമയം, കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസ് ശ്രമം ഊര്‍ജ്ജിതമാക്കി.