കവിയൂര്‍ കൂട്ടമരണക്കേസ് അന്വേഷണത്തില്‍ സി.ബി.ഐക്ക് വീണ്ടും തിരിച്ചടി; നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളി

തിരുവനന്തപുരം: കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.

SHARE