കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ്ടും ഉരുള്‍പൊട്ടല്‍

നിലമ്പൂര്‍: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. എന്‍.ഡി.ആര്‍.എഫ്, സൈന്യം, ഫയര്‍ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 150 പേരാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

പല സ്ഥലങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു മല ഒന്നാകെ പ്രദേശത്തെ വിഴുങ്ങിയ അവസ്ഥയിലാണ്. ഇനിയും ഏക്കറു കണക്കിന് സ്ഥലത്ത് തിരച്ചില്‍ നടത്താനുണ്ട്. മഴ അല്‍പം കുറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൈവന്നിട്ടുണ്ട്.

രാവിലെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതോടെ രക്ഷാപ്രവര്‍ത്തനം അല്‍പസമയം നിര്‍ത്തിവെച്ചെങ്കിലും ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. മലപ്പുറത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ് വഴിയുള്ള ഗതാഗതം താറുമാറായിരിക്കുകയാണ്. പൊന്നാനി അടക്കമുള്ള പ്രദേശങ്ങളില്‍ പ്രളയത്തിനൊപ്പം അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്.

SHARE