കവളപ്പാറ ദുരന്തമുഖത്ത് ഒരുവട്ടംകൂടി അവര്‍ ഒത്തുകൂടി; അര്‍ഹമായ സഹായം തേടി

മലപ്പുറം: കവളപ്പാറയില്‍ 4 മാസം മുമ്പ് പ്രിയപ്പെട്ടവരുടെ മൃതദേഹം കിട്ടുന്നതും നോക്കി കണ്ണീരോടെ കാത്ത് നിന്നിടത്ത് അവര്‍ വീണ്ടും ഒരുമിച്ച് കൂടി.. ഇത്തവണ അവര്‍ വലിച്ച് കെട്ടിയ ഒരു ഷീറ്റിന് കീഴെ ആയിരുന്നു. കയ്യില്‍ പ്ലക്കാര്‍ഡുകളും ഉണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഇങ്ങനെ എഴുതിയിരുന്നു.. ‘ആ 59 പേരില്‍ പെട്ടാല്‍ മതിയായിരുന്നു’. മുത്തപ്പന്‍ കുന്ന് ഇടിഞ്ഞിറങ്ങിയ ദുരന്തം തീര്‍ത്ത ആഘാതം നാലു മാസങ്ങള്‍ക്ക് ഇപ്പുറവും ഇവിടെ തുടരുകയാണ്. ഈ നാട് അതില്‍ നിന്നും കര ഇതുവരെ കരകയറിയിട്ടില്ല.

ഇന്ന് ഇവര്‍ ഒരുമിച്ച് ഇരുന്നത് അധികൃതരോട് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടി ആണ്. 73 ലധികം വീട്ടുകാരെ ആണ് ഇന്നാട്ടുകാരുടെ കണക്കില്‍ പുനരധിവസിപ്പിക്കാന്‍ ഉള്ളത്. ഇവര്‍ എല്ലാം ഇന്ന് മറ്റ് പല സ്ഥലങ്ങളില്‍ വാടകക്ക് ആണ്. വാടക കൊടുക്കാന്‍ പോലും പലരും ബുദ്ധിമുട്ടുന്ന അവസ്ഥ. ഒരാള്‍ക്ക് പോലും വീട് അറ്റകുറ്റപ്പണിക്ക് പണം സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടില്ല. പണം എപ്പൊള്‍ കിട്ടും എന്ന അന്വേഷണങ്ങള്‍ക്ക് ഉടന്‍ എന്ന് അധികൃതര്‍ മറുപടി പറയുമ്പോഴും ജനങ്ങള്‍ക്ക് അത് വിശ്വാസം ആകുന്നില്ല. ബാങ്കുകള്‍ ഭൂമി പണയമായി സ്വീകരിക്കുന്നില്ല, വിവാഹങ്ങള്‍ മുടങ്ങുന്നു, സ്ഥലം വില്‍ക്കാന്‍ പറ്റാത്ത അവസ്ഥ തുടങ്ങി കവളപ്പാറക്കാരുടെ പ്രശ്‌നങ്ങള്‍ അനവധി ആണ്. ഇതില്‍ പലതിനും പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ക്ക് കഴിയും. ഇവര്‍ക്ക് വേണ്ടത് ആ പിന്തുണ ആണ്.

മുത്തപ്പന്‍ മലയുടെ ചുവട്ടില്‍ നെടുവീര്‍പ്പോടെ ഒത്തുചേര്‍ന്ന ഇക്കൂട്ടരില്‍ പലരുടെയും മിഴികളില്‍ ഓര്‍മകളുടെ പ്രവാഹം ഇന്നും നനവ് പടര്‍ത്തുന്നുണ്ട്, തൊണ്ട ഇടറിക്കുന്നുണ്ട്. തൊട്ട് അപ്പുറത്ത് കൂടെ നടവഴി ആയി മാറിയ മണ്‍കൂനകളിലൂടെ ഇവിടം കാണാന്‍ വന്ന ആരൊക്കെയോ നടന്നു പോകുന്നുണ്ട്.

കവളപ്പാറ ഇന്നും ദുരന്ത ഭൂമി ആണ്. മണ്ണിനടിയില്‍ 11 പേര് ഇപ്പോഴും എവിടെയോ ഉണ്ട്. ആ മണ്ണിന് മുകളില്‍ 100 ലധികം പേര്‍ ഇന്ന് അര്‍ഹമായ സഹായത്തിന് വേണ്ടി ഉള്ള പ്രതിഷേധത്തിലും.

SHARE