കുല്‍ഭൂഷന്‍ കേസ്: ഇന്ത്യ ചെയ്തത് വലിയ പിഴവെന്ന് മാര്‍ക്കണ്‌ഠേയ കട്ജു

കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കാനുള്ള അവസരം ഇന്ത്യ പാകിസ്താന് തുറന്നു നല്‍കിയിരിക്കുകയാണെന്നും ഗുരുതരമായ പിഴവാണിതെന്നും കട്ജു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പോസ്റ്റിന്റെ വിവര്‍ത്തനം:

‘അന്താരാഷ്ട്ര കോടതിയില്‍ പോകാനുള്ള ഇന്ത്യയുടെ തീരുമാനം ഗുരുതര പിഴവാണ്. കുല്‍ഭുഷണ്‍ യാദവ് വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയിലെ ഇന്ത്യയുടെ വിജയത്തില്‍ ആളുകള്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ഗുരുതര പിഴവാണ് വരുത്തിയത് എന്നാണ് എന്റെ അഭിപ്രായം. പാകിസ്താന്റെ കൈകളിലേക്ക് ഇന്ത്യ വീണു പോവുകയായിരുന്നു. നിരവധി വിഷയങ്ങള്‍ ഉന്നയിക്കാനുള്ള പിടി അവര്‍ക്ക് നല്‍കുകയാണ് ചെയ്തത്. അന്താരാഷ്ട്ര കോടതിയുടെ വിധിയെ പാകിസ്താന്‍ ഗൗരവതരമായി എതിര്‍ക്കാതിരുന്നത് അതുകൊണ്ടാണെന്നതാണ് യാഥാര്‍ത്ഥ്യം.

കശ്മീര്‍ വിഷയത്തില്‍ തീരുമാനം കാണുന്നതിന് പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നത് തീര്‍ച്ചയാണ്. അന്താരാഷ്ട്ര കോടതിയുടെ വിധി നിരാകരിക്കാന്‍ അവര്‍ നമ്മെ നിര്‍ബന്ധിക്കും. ചൂടും തണുപ്പും ഒരേസമയം വിഴുങ്ങാന്‍ നമുക്കാവില്ല.

ഒരു വ്യക്തിയുടെ വിധിയുടെ പേരില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു എന്നതില്‍ പാകിസ്താന്‍ വളരെ സന്തുഷ്ടരായിരിക്കും. ഇനി അവര്‍ക്ക് കശ്മീര്‍ അടക്കമുള്ള എല്ലാ വിഷയവും അവിടെ ഉന്നയിക്കാം. അന്താരാഷ്ട്ര തലത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇത്രയും കാലം നമ്മള്‍ വിസമ്മതിക്കുകയായിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ പോകുക വഴി പണ്ടോറയുടെ പെട്ടിയാണ് നമ്മള്‍ തുറന്നിരിക്കുന്നത്.