കത്വ കേസില്‍ ഇന്ന് വിധി പറയും

ജമ്മു: ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. രാജ്യം ഉറ്റു നോക്കുന്ന കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. പത്താന്‍കോട്ടെ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഇവിടെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി.

എട്ട് പ്രതികളില്‍ ഏഴ് പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. രാജ്യമാകെ പ്രതിഷേധം അലയടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാന്‍ സാധ്യതയുണ്ട്. 2018 ജനുവരിയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്.

പിന്നീട് ജനുവരി 17നാണ് കുട്ടിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം വനമ്പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പ്രായത്തെ ചൊല്ലി ഇപ്പോഴും വാദം നടക്കുന്നതിനാല്‍ വിചാരണാ നടപടി ആരംഭിക്കാനായിട്ടില്ല. ഈ കേസ് ജമ്മു കശ്മീര്‍ ഹൈക്കോടതി കേള്‍ക്കാനിരിക്കുകയാണ്. പ്രദേ
ശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്‌ലിംകളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

വിരമിച്ച റെവന്യു ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ മകന്‍ വിശാലും അറസ്റ്റിലായിരുന്നു. രണ്ട് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ എന്നിവരും കേസില്‍ പ്രതികളാണ്.

SHARE