കശ്മീരില്‍ വീട്ടമ്മയെ മോഷ്ടാക്കള്‍ കഴുത്തറുത്തു കൊന്നു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. ഹാജിന്‍ സ്വദേശി ഷക്കീല ബീഗം (45) ആണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷക്കീല ബീഗം ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മുഖംമൂടി സംഘം അലമാര തുറക്കാന്‍ ശ്രമിക്കവെ വീട്ടുകാര്‍ ഉണര്‍ന്നു. മോഷണം ചെറുക്കുന്നതിനിടെ ഒരാള്‍ ഷക്കീല ബീഗത്തിന്റെ കഴുത്തറുക്കുകയായിരുന്നു. മറ്റു രണ്ടുപേര്‍ ഭര്‍ത്താവ് അബ്ദുല്‍ മജീദിനെ തോക്കുചൂണ്ടി ഭയപ്പെടുത്തി. തുടര്‍ന്ന് സംഘം പണവും സ്വര്‍ണവുമായി കടന്നു. മുത്തമകന്റെ മെഡിക്കല്‍ പഠനത്തിനായി അടുത്തിടെ കുടുംബം കുറച്ച് ഭൂമി വിറ്റിരുന്നു. ഇത് വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതെല്ലാം മോഷ്ടാക്കള്‍ അപഹരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ബന്ദിപ്പോര ജില്ലാ പൊലീസ് മേധാവി ഷെയ്ഖ് സുല്‍ഫീക്കര്‍ ആസാദ് പ്രതികരിച്ചു.

SHARE