ജെയ്റ്റ്‌ലിക്ക് മുന്നറിയിപ്പുമായി മെഹ്ബൂബ ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ നിങ്ങളുടെ കശ്മീര്‍ ബന്ധം അവിടെ തീരും’

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ നിയമ സാധുത ചോദ്യം ചെയ്ത് രംഗത്തെത്തിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ജമ്മുകശ്മീരുമായുള്ള നിങ്ങളുടെ ബന്ധം അവിടെ തീരുമെന്ന് മെഹബൂബ പറഞ്ഞു.
ജമ്മുകശ്മീരിനെയും ഇന്ത്യയേയും ബന്ധിപ്പിക്കുന്ന പാലമാണ് ആര്‍ട്ടിക്കിള്‍ 370. ഇതു പ്രകാരമാണ് കശ്മീരിന് സ്വന്തമായ ഭരണഘടന ലഭിക്കുന്നതും ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങളില്‍നിന്ന് ഒഴിവുകള്‍ ലഭിക്കുന്നതും. കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുന്ന സമയത്തെ പ്രധാന ഉപാധികളാണിത്. പാലം തകര്‍ത്താല്‍ പിന്നെ എങ്ങനെ ബന്ധം നിലനില്‍ക്കുമെന്ന് മെഹബൂബ ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ 1947ലേതിനു സമാനമായ സാഹചര്യത്തിലേക്ക് എത്തും. കശ്മീര്‍ സ്വതന്ത്രമാകും. ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കണമെങ്കില്‍ പുതിയ ചര്‍ച്ചകള്‍ വേണ്ടി വരും. അപ്പോള്‍ പുതിയ ഉപാധികളായിരിക്കും ഉയര്‍ന്നു വരിക. മുസ്്‌ലിം ഭൂരിപക്ഷ സ്റ്റേറ്റിനെ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കാന്‍ എന്ത് പദ്ധതിയാണ് അടിസ്ഥാനമാക്കുകയെന്നും മെഹബൂബ ചോദിച്ചു.
കശ്മീരിനുള്ള പ്രത്യേക അധികാരം ഭരണഘടനാപരമാണ്. അത് ഇല്ലാതാകുമ്പോള്‍, നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചാല്‍പോലും പുതിയ ഉപാധികള്‍ ഉയര്‍ന്നുവരില്ലെന്ന് എങ്ങനെ പറയാനാകും – മുന്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.