‘കാശ്മീര്‍, പുല്‍വാമ എന്നീ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഇപ്പോഴും ഉത്തരമില്ല’; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി നഗ്മ രംഗത്ത്

ന്യൂഡല്‍ഹി: കാശ്മീര്‍, പുല്‍വാമ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി നഗ്മ. കാശ്മീരിനെ സ്തംഭിപ്പിച്ച് 200ദിവസം കഴിഞ്ഞെന്നും കാശ്മീരില്‍ എന്താണ് ചെയ്യുന്നതെന്ന് സര്‍ക്കാരിന് നിശ്ചയമിസല്ലെന്നും നഗ്മ പറഞ്ഞു. സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന താരം കോണ്‍ഗ്രസ്സുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

കാശ്മീരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ വിച്ഛേദിച്ച സംഭവത്തിലും പുല്‍വാമ, അമര്‍നാഥ് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളിലും കേന്ദ്രസര്‍ക്കാരിന് ഇതുവരെ ഉത്തരമില്ല. മുന്‍മുഖ്യമന്ത്രിമാരെ പൊതുസുരക്ഷാ നിയമപ്രകാരം തടവിലാക്കിയിരിക്കുകയാണ്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ദേവേന്ദര്‍ സിങിന്റെ പങ്ക് എന്നതിനെ കുറിച്ചും വ്യക്തതയില്ല. താഴ്‌വരയിലെ ടൂറിസം, ബിസിനസ് മേഖലയില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും നഗ്മ പറഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഉത്തരവിറക്കിയത്. അതിനു ശേഷം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇതുവരെ ആയിട്ടും കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ മുഖമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയവരെ കേന്ദ്രതീരുമാനത്തിന് ശേഷം പൊതു സുരക്ഷാ നിയമ പ്രകാരം തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.