കശ്മീരില്‍ പ്രമുഖ നേതാക്കളെല്ലാം വീട്ട് തടങ്കലില്‍; വന്‍ സൈനിക വിന്യാസം

ന്യൂഡല്‍ഹി: കശ്മീരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കകള്‍ക്കിടെ മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക നീക്കം. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോണ്‍, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മാജിദ്, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സംഘര്‍ഷസാധ്യത മുന്നില്‍ സംസ്ഥാനത്ത് മൊബൈല്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത പ്രത്യേക യോഗം ചേര്‍ന്നു. കശ്മീരിനും കശ്മീരികള്‍ക്കും പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 35 എ, 370 വകുപ്പുകള്‍ റദ്ദാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ സംഭവങ്ങള്‍ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

SHARE