പുതിയ സി.എ.ജിയായി മോദിയുടെ ഇഷ്ടക്കാരന്‍; ഒരു ഭരണഘടനാ സ്ഥാപനം കൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വരവുചെലവു കണക്കുകള്‍ പരിശോധിക്കുന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും (സി.എ.ജി) വരുതിയിലാക്കാന്‍ മോദി സര്‍ക്കാര്‍. സി.എ.ജി സ്ഥാനത്തേക്ക് മോദിയുടെ ഇഷ്ടക്കാരനായ ഗിരീഷ് ചന്ദ്ര മുര്‍മു നിയമിതനാകും എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി മുര്‍മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞു. ബി.ജെ.പി നേതാവ് മനോജ് സിന്‍ഹയാണ് പുതിയ ലഫ്. ഗവര്‍ണര്‍.

ഓഗസ്റ്റ് എട്ടിന് നിലവിലെ സി.എ.ജി രാജീവ് മെഹര്‍ഷി ഒഴിയുന്ന സ്ഥാനത്തേക്കാണ് മുര്‍മുവിനെ പരിഗണിക്കുന്നത്. ഒഴിച്ചിടാന്‍ പറ്റാത്ത ഭരണഘടനാ പദവിയാണ് സി.എ.ജി. ‘ഓഗസ്റ്റ് എട്ടിന് രാജീവ് മെഹിര്‍ഷിക്ക് 65 തികയും. അതുകൊണ്ടാണ് സര്‍ക്കാര്‍ അതിവേഗത്തില്‍ സ്ഥലംമാറ്റം നടത്തുന്നത്’ – കാബിനറ്റ് സെക്രട്ടറിയേറ്റിനെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

1985ലെ ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുര്‍മു മോദിയുടെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. മോദി പ്രധാനമന്ത്രിയായതോടെ ഇദ്ദേഹം കേന്ദ്രധനമന്ത്രാലയത്തിലെത്തി. ധനമന്ത്രാലയത്തിന് കീഴിലെ ചെലവു വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.

പിന്നീട്, കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു കളഞ്ഞ മോദി സര്‍ക്കാറിന്റെ നിര്‍ണായക രാഷ്ട്രീയതീരുമാനത്തെ സംരക്ഷിക്കേണ്ട ചുമതലയാണ് മുര്‍മുവില്‍ ഏല്‍പ്പിക്കപ്പെട്ടത്. പദവിയില്‍ ഒരു വര്‍ഷം ഇരുന്ന ശേഷമാണ് ഇദ്ദേഹം വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചുവരുന്നത്. ഗവര്‍ണര്‍ സത്യപാല്‍ മലികില്‍ നിന്നാണ് ഇദ്ദേഹം ലഫ്. ഗവര്‍ണര്‍ പദവി ഏറ്റെടുത്തത്.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

ഭരണഘടനയുടെ 148-ാം വകുപ്പ് പ്രകാരമാണ് സി.എ.ജി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാറിന്റെയും സര്‍ക്കാര്‍ കോര്‍പറേഷനുകളുടെയും വരവു ചെലവു കണക്കുകള്‍ പുറത്തു നിന്ന് പരിശോധിക്കുന്ന ഓഡിറ്റാണ് സി.എ.ജി. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവി കൂടിയാണ്. സുപ്രിംകോടതി ജഡ്ജിക്ക് സമാനമായ പദവിയാണിത്. ആറു വര്‍ഷമോ 65 വയസ്സോ ആണ് കാലാവധി.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2 ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ട് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. രാജ്യത്ത് ഇതുവരെ 13 സി.എ.ജിമാരാണ് നിയമിതരായിട്ടുള്ളത്. വി.നര്‍ഹരി റാവു ആയിരുന്നു ആദ്യ സി.എ.ജി.

SHARE