നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടി മാത്രമെന്ന് കശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടി മാത്രമെന്നും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം. സമാധാനപാലനത്തിനായി ചില കരുതല്‍ തടങ്കലുകള്‍ വേണ്ടിവന്നുവെന്നു മാത്രം. എന്നാല്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടുകയോ ഒരാള്‍ക്കു പോലും ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. പാകിസ്താന്റെ പിന്തുണയോടെ കശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായി കൃത്യമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ടെലിഫോണ്‍ സംവിധാനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ക്രമസമാധാനം നിലനിര്‍ത്താനള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കശ്മീരില്‍ ജനജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ല. രാഷ്ട്രീയ പ്രമുഖരടക്കം നിരവധി നേതാക്കളള്‍ അവരുടെ ഭവനങ്ങളില്‍ തന്നെയാണ് കഴിയുന്നത്. അതിനിടെ കശ്മീരിലെ നിയന്ത്രണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ നീക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ാം അനുച്ഛേദം എടുത്തുകളഞ്ഞ പ്രഖ്യാപനത്തിനു പിന്നാലെ ആഗസ്ത് 5 മുതല്‍ കശ്മീരില്‍ വന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴും തുടരുന്നത്. 12 ദിവസം മുമ്പാണ് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.