ശ്രീനഗര്‍: കശ്മീരില്‍ 2 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും വിച്ഛേദിച്ചു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്സല് ഗുരുവിന്റെ ചരമവാര്‍ഷികത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതെന്ന് അധികൃതര്‍ അറിയിച്ചത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതിന് പുറമെ ശ്രീനഗറില്‍ പല സ്ഥലങ്ങളിലും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഫ്സല് ഗുരുവിന്റെ ചരമവാര്‍ഷികത്തില്‍ ഓള് പാര്‍ട്ടി ഹൂറിയത് കോണ്‍ഫറന്‍സ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 2001ല്‍ പാര്‍ലമെന്റ് ആക്രമിച്ച കേസിലെ പ്രതിയായ അഫ്സല് ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തൂക്കിലേറ്റിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് ശേഷം വിച്ഛേദിച്ചിരുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ കഴിഞ്ഞ മാസം മാത്രമാണ് വീണ്ടും നല്കി തുടങ്ങിയത്.
ഓഗസ്റ്റ് അഞ്ചു മുതലാണ് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായ ഇന്റര്‍നെറ്റ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് പിന്നീട് ഇളവുകള്‍ പ്രഖ്യാപിച്ചത്.