കശ്മീരിന് കോവിഡിനെ തുരത്തണം; കേന്ദ്രം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് സമ്പൂര്‍ണമായി നീക്കാന്‍ ആവശ്യപ്പെട്ട് അമേരിക്ക


കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് തടസം നീക്കാന്‍ ആവശ്യപ്പെട്ട് അമേരിക്ക. കോവിഡ്19 കശ്മീരിനെയും പിടിമുറുക്കിയ പശ്ചാതലത്തിലാണ് അമേരിക്കയുടെ ആവശ്യം. ദക്ഷിണ മധ്യ ഏഷ്യയിലെ യു.എസ് സെക്രട്ടറി ആലിസ് ജി വെല്‍സാണ് ഈ നിര്‍ദേശം നടത്തിയത്.

കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നിവരെ മോചിപ്പിച്ച നടപടിയെ ആലിസ് ജി വെല്‍സ് സ്വാഗതം ചെയ്തു. ‘ഫാറൂഖ് അബ്ദുല്ലയെയും ഒമര്‍ അബ്ദുല്ലയെയും വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച നടപടിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ബാക്കിയുള്ള തടങ്കലില്‍ പാര്‍പ്പിച്ചവരെയും കൂടി ഇനി മോചിപ്പിക്കേണ്ടതുണ്ട്. അതേപോലെ കൊവിഡിനെ തുരത്താന്‍ സാധ്യമാക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് സംവിധാനവും പുന:സ്ഥാപിക്കണം-അദ്ദേഹം പറഞ്ഞു.

വേണ്ട വിധത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ് കശ്മീര്‍ ജനത. കോവിഡ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയും ഇന്ന മരിക്കുകയും ചെയ്ത ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നേരത്തെ കോവിഡ് നിര്‍ദേശങ്ങളടങ്ങിയ ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് ഒരു മണിക്കൂര്‍ നേരം വേണ്ടിവന്നെന്ന് വേവലാതിപ്പെട്ട് ഒരു ഡോക്ടര്‍ തന്നെ രംഗത്തെത്തിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍, ആരോഗ്യ ജാഗ്രത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, ഉപദേശങ്ങള്‍ ഒന്നും വേണ്ടവിധത്തില്‍ കിട്ടാത്ത വിധം ദുഷ്‌കരമാണ് കശ്മീരിലെ ഇന്റര്‍നെറ്റ് സര്‍വീസ്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടും കേന്ദ്രം ഗൗരവമായ ഒരു സമീപനം കൈക്കൊള്ളുന്നില്ല.