കെജ്രിവാള്‍ ജയിച്ചത് ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ട്; കശ്മീര്‍ ബിജെപി അധ്യക്ഷന്‍

ശ്രീനഗര്‍: ഹനുമാന്‍ ജി കാരണമാണ് ഡല്‍ഹിയില്‍ മൂന്നാമതും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എ.എ.പി വിജയിച്ചതെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. കെജ്രിവാള്‍ ഹനുമാന്‍ ചാലിസ ഉരുവിട്ടു. ഇതോടെ ഹനുമാന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചു. കെജ്രിവാള്‍ ഇത് ചെയ്തില്ലായിരുന്നെങ്കില്‍ ഒരിക്കലും ജയിക്കില്ലായിരുന്നു. കെജ്രിവാള്‍ ഹനുമാനെ ഓര്‍ക്കുന്നത് ആദ്യമായാണ്. അതുപോലെ ഹനുമാന്‍ ചാലിസ ഉരുവിടുന്നതും. ഇതോടെ പവന്റെ പുത്രന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നെന്നും റെയ്‌ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ബി ജെ പി നേതാക്കള്‍ പ്രചാരണത്തിലുനീളം ജയ്ശ്രീം വളിച്ചിട്ടും എന്തുകൊണ്ട് ശ്രീരാമന്റെ അനുഗ്രഹം ലഭിച്ചില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ബി ജെ പി ജയിച്ചിരുന്നെന്നും അന്ന് ലക്ഷണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഭഗവാന്‍ ശ്രീരാമനെ സ്മരിച്ചിരുന്നു’ എന്നുമായിരുന്നു മറുപടി. ഡല്‍ഹിയില്‍ ബി ജെ പിയുടേത് വലിയ തോല്‍വിയല്ലെന്നും വോട്ട് ഷെയര്‍ വലിയ തോതില്‍ വര്‍ധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.