കാസര്‍കോട്ട് സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം

കാസര്‍കോട്: സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി എടയാട്ടെ ജാന്‍ ഫിഷാനാണ് മരിച്ചത്. ഇതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ കൂളിക്കുന്നിലെ അര്‍ജ്ജുന്‍ രമേശ്(15), മുബഷിര്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവാഴ്ച രാവിലെ ഏഴര മണിയോടെ കളനാട് റെയില്‍വേ മേല്‍പാലത്തിന് സമീപമാണ് അപകടം. പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു മൂവരും. അതിനിടെ ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു. ജാന്‍ ഫിഷാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മംഗലാപുരത്തേക്കും കൊണ്ടുപോയി.

SHARE