കാസര്‍കോഡ് വീണ്ടും കഴുത്തറുത്ത നിലയില്‍ മരണം

കാസര്‍കോഡ്: കാസര്‍കോഡ് വീണ്ടും ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ടില്‍ കൊല്ലപ്പണി ചെയ്തു വന്നിരുന്ന സുന്ദരനെ(48)യാണ് ആലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.

രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഭാര്യ-സുനിത, മക്കള്‍- ശ്രേയ,ദയ.

കഴിഞ്ഞ പത്താം തിയ്യതി കാസര്‍കോഡ് മറ്റൊരു സമാനമായ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഗ്ഗീസ് എന്നയാളെയാണ് കറിക്കത്തികൊണ്ട് കഴുത്തറുത്ത നിലയില്‍ കണ്ടത്. രാത്രി പതിനൊന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് മൂത്രമൊഴിക്കാന്‍ പോയ വര്‍ഗ്ഗീസിനെ കാണാതായതിനെ തുടര്‍ന്ന് തിരയുകയായിരുന്നു. പിന്നീടാണ് ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന്റെ കേസന്വേഷണം പുരോഗമിക്കുമ്പോഴാണ് അടുത്ത സംഭവം ഉണ്ടാവുന്നത്.

SHARE