കാസര്‍കോട്ട് കോവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയവര്‍ക്ക് രോഗം

കാസര്‍കോട്: കാസര്‍കോട്ട് കോവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തെക്കിലിലെ ടാറ്റ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയവര്‍ക്കാണ് രോഗം. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

അതേസമയം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീനില്‍ പോയ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ കൊവിഡ് പരിശോധന ഫലം പുറത്തുവന്നു. പരിശോധന ഫലം നെഗറ്റീവാണ്.

അതിനിടെ, കാസര്‍കോട്ട് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ, കാസര്‍കോട് കോവിഡ് മരണം ആറായി.

SHARE