ശരീഫ് കരിപ്പൊടി
കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിനനുസരിച്ച് മരണസംഖ്യയും കൂടുന്നതില്‍ ആശങ്ക. രോഗം വന്ന വഴി അറിയാത്തവരുടെ നില ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും സമൂഹവ്യാപന ഭീതി വര്‍ധിപ്പിക്കുന്നു. ഇന്ന് മരിച്ച കുമ്പള സ്വദേശിയുടേത് ഉള്‍പ്പടെ എട്ടുദിവസത്തിനകം ജില്ലയില്‍ അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. കുമ്പള പികെ നഗറിലെ അബ്ദുല്‍ റഹ്്മാന്‍ (70) ആണ് ഇന്ന് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്റഹ്മാന് ആന്റീ ബോഡി പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ശനിയാഴ്ചയാണ് കാഞ്ഞങ്ങാട് പടന്നക്കാട്ടെ നബീസ (63) പരിയാരത്ത് മരിച്ചത്. മംഗല്പാടി പഞ്ചായത്തിലെ ഉപ്പള ഹിദായത്ത് നഗറിലെ നഫീസ (74)യുടേതാണ് ജില്ലയില്‍ ആദ്യ കോവിഡ് മരണം. 22ന് കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ പച്ചക്കാട്ടെ ഖൈറുന്നിസയും 23ന് അജാനൂര്‍ പഞ്ചായത്തിലെ രാവണേശ്വരം സ്വദേശി മാധവ (67)നും മരിച്ചു. എല്ലാവുരം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
അതേസമയം, മരിച്ചവരുള്പ്പെട ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച പലര്‍ക്കും എവിടെ നിന്ന് രോഗമെത്തി എന്ന് കണ്ടെത്താനാവാത്തത് ആശങ്കയുണര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം മരിച്ച നബീസയ്ക്ക് വാര്‍ധക്യ സഹജമായ രോഗങ്ങളൊഴികെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഖൈറുന്നിസയെ പനിയും ചര്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതോടെ പരിയാരത്തേക്ക് മാറ്റി. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെയും വീട്ടിലുള്ള മകന്റെയും പരിശോധനാഫലം നെഗറ്റീവായതോടെ അടുത്ത ദിവസങ്ങളിലൊന്നും പുറത്തൊന്നും പോവാത്ത ഇവര്‍ക്ക് രോഗം വന്ന വഴി അറിയാത്തത് ബന്ധുക്കളിലും ആരോഗ്യവകുപ്പ് അധികൃതരിലും ആശങ്കയുളവാക്കുന്നു.
രാവണേശ്വരം തണ്ണോട്ട് സ്വദേശി മാധവനും ചികിത്സക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രികളില്‍ നിന്നാകാം ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ആദ്യം മരിച്ച ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി നഫീസ(74)യും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വിദേശത്തായിരുന്ന നഫീസയുടെ മകന് തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇയാളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. എങ്ങനെയാണ് രോഗപകര്ച്ചയുണ്ടായതെന്ന് ഇനിയും അറിവായിട്ടില്ല.
ജില്ലയില്‍ രണ്ടാഴ്ചക്കിപ്പുറം സ്ഥിരീകരിക്കുന്ന കേസുകളില്‍ പലതും ഉറവിടം വ്യക്തമാകാത്തതാണ്. ഇത് സമൂഹവ്യാപനത്തിന്റെ സൂചനയാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇന്നലെ മാത്രം 105 കോവിഡ് കേസുകളില്‍ 14 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച 106 കേസുകളില്‍ 21 പേരുടെയും ഉറവിടം അറിഞ്ഞിരുന്നില്ല.
ആദ്യ രണ്ടുഘട്ടങ്ങളില്‍ കേസുകള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് പോസിറ്റീവ് കേസുകള്‍ കൂടിയിട്ടും അത്യാഹിതം സംഭവിച്ചിരുന്നില്ല. പലരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രോഗികളുണ്ടായിട്ടും ഈ രീതിയില്‍ വ്യാപകമായ രോഗപകര്‍ച്ച ഉണ്ടായിരുന്നില്ല. അതേസമയം വിദേശത്തു നിന്നെത്തുന്ന രോഗികളെക്കാള്‍ മറ്റു സംസ്ഥാനത്തു നിന്നും എത്തിയവരിലും സമ്പര്‍ക്കത്തിലൂടെ രോഗമെത്തിയവരിലും ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുന്നതായി കണ്ടുവരുന്നത്. അതേസമയം രോഗബാധിതരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നിരവധി കുട്ടികളുണ്ട്. എഴുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ള ആരുടെയും നിലഗുരുതരമല്ലെന്നാണ് ഔദ്യോഗിക വിവരം.