ഒരുമിച്ച് ഓടിക്കളിക്കുന്നതിനിടയില്‍ കണ്‍മുന്നില്‍നിന്ന് മാഞ്ഞു; പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തില്‍ കണ്ണീര്‍ച്ചാലായി ബാവാ നഗര്‍

കാഞ്ഞങ്ങാട്: പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തില്‍ കണ്ണീര്‍ച്ചാലായി കാസര്‍കോഡ് ബാവാ നഗര്‍. കണ്‍മുന്നില്‍ ഓടിക്കളിച്ചിരുന്ന കുട്ടികളെയാണ് മരണം പെട്ടെന്ന് തട്ടിപ്പറിച്ചെടുത്തത്. അതിന്റെ ഞെട്ടലില്‍ നിന്നും വേദനയില്‍ നിന്നും ബാവാനഗര്‍ ഇതുവരെ മുക്തമായിട്ടില്ല. ജീവനറ്റ ശരീരമായി കുഞ്ഞുങ്ങള്‍ കിടക്കുന്നത് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം ബാവാനഗറിലെ നാട്ടുകാരും പൊട്ടിക്കരഞ്ഞു.

കാഞ്ഞങ്ങാട് ബാവാ നഗറിലെ ഒരുവീട്ടിലെ മൂന്ന് കുട്ടികള്‍ കഴിഞ്ഞദിവസമാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. നാസര്‍-താഹിറ ദമ്പതിമാരുടെ മകന്‍ അജിനാസ് (ആറ്), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് മിഷ്ബാഹ് (ആറ്), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ബാസിര്‍ (നാല്) എന്നിവരാണ് മരിച്ചത്.

വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും വീണത്. വൈകുന്നോരം നാലുമണിയോടെയാണ് കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. നോമ്പുതുറ സമയമായപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടില്‍ വീണുകിടക്കുന്നത് കണ്ടത്. പതിവായി കളിക്കുന്നിടത്തൊന്നും കുട്ടികളെ കാണാതായപ്പോള്‍ അയല്‍പ്പക്കക്കാരെല്ലാം തിരച്ചലിനൊപ്പം ചേര്‍ന്നിരുന്നു.
ഉടന്‍ തന്നെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്നു കുട്ടികളുടെയും മരണവാര്‍ത്തയറിഞ്ഞ് ബാവാനഗറിലെ വീട്ടിലേക്കും കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലേക്കും ആളുകള്‍ ഓടിയെത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരവരെ ഇവര്‍ ഒരുമിച്ച് കളിക്കുന്നത് വീട്ടുകാരും അയല്‍പക്കക്കാരും കണ്ടതാണ്. പെട്ടെന്നാണ് കുട്ടികള്‍ കണ്‍മുന്നില്‍നിന്ന് മാഞ്ഞതെന്ന് പൊട്ടിക്കരയുന്നതിനിടെ വീട്ടുകാര്‍ പറയുന്നു. കുട്ടികളുടെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

SHARE