കാസര്‍കോട്: ബളാല്‍ അരിങ്കല്ലിലെ കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രണയവിവാഹം നടത്താനാണ് ആല്ബിന് കൊല ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 31നായിരുന്നു വീട്ടിലുണ്ടാക്കിയ ഐസ്ക്രീമില് ആല്ബിന് വിഷം കലര്‍ത്തിയത്. ഐസ്ക്രീം കഴിച്ച സഹോദരി ആന്മേരി ആഗസ്റ്റ് 5ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരിക്കുകയായിരുന്നു. പിന്നാലെ പിതാവ് ബെന്നിയെയും ബെസിയെയും ഛര്‍ദിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി.
പരിശോധനയില്‍ രക്തത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ആന്‍ മരിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഐസ്ക്രീം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആല്ബിന് അറസ്റ്റിലായത്.
ആഴ്ചകള്‍ക്ക് മുന്‍പ് കറിയില്‍ വിഷം ചേര്‍ത്തു നല്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐസ്ക്രീമില് കലര്‍ത്തുകയായിരുന്നെന്നു പ്രതി പൊലീസിനോട് പറഞ്ഞു.തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്കിഷ്ടമല്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നത്രേ.