കാസര്‍കോട്ടെ പതിനാറുകാരിയുടെ മരണം കൊലപാതകം;ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്ന് ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാല്‍ അരീങ്കലിലെ ബെന്നിയുടെ മകള്‍ ആന്‍മേരി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുന്‍പ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി.

മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ആന്‍മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.

പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറിയത്.

SHARE