കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത് 11ന് ദുബൈയില്‍ നിന്നെത്തിയ വ്യക്തിക്ക്

കാസര്‍കോട്: കാസര്‍കോട് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 11ന് ദുബൈയില്‍ നിന്നെത്തിയ 47കാരന്‍. ബുധനാഴ്ച പുലര്‍ച്ചെ 2.30ന് എയര്‍ ഇന്ത്യ എഎക്‌സ് 344 വിമാനത്തില്‍ ദുബൈയില്‍ നിന്നും പുറപ്പെട്ട ഇയാള്‍ രാവിലെ 7.30ന് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. 11ന് അവിടെ താമസിച്ചു. 12ന് മാവേലി എക്‌സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്‌മെന്റിലാണ് അദ്ദേഹം കാസര്‍കോട്ടേക്ക് വന്നത്.

രാവിലെ എട്ടുമണിക്ക് എത്തിയ അദ്ദേഹം ഈമാസം 17ന് ജനറല്‍ ആസ്പത്രിയില്‍ ഹാജരായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ തൊണ്ടയില്‍ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്ന് ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു. 12മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

ഞായറാഴ്ചയാണ് ആദ്യ പോസിറ്റീവ് കേസ് കാസര്‍കോട്ട് റിപ്പോര്‍ട്ട് ചെയ്തത്. ദുബൈയില്‍ നിന്നെത്തിയ കളനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

SHARE