ആല്‍ബിന്‍ മയക്കുമരുന്നിന് അടിമ; സഹോദരിയെ കൊന്നതില്‍ ആല്‍ബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ്

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ ഇരുപത്തിരണ്ടുകാരന്‍ ആല്‍ബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ്. മയക്കുമരുന്നിന് അടിമയായ ആല്‍ബിന്‍ നാട്ടില്‍ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. സഹോദരിയുടെ മരണാനന്തര ചടങ്ങില്‍പോലും ഒരു കൂസലുമില്ലാതെ പങ്കെടുത്ത പ്രതിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നാട്ടില്‍ ഒരാളുമായി പ്രണയത്തിലായിരുന്ന ആല്‍ബിന് ഈ ബന്ധം തുടരാന്‍ കുടുംബം തടസമാണെന്ന് തോന്നുകയും ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ആര്‍ഭാട ജിവിതം നയിച്ചിരുന്ന സുഹൃത്തുക്കളെ പോലെയാകാന്‍ സ്വത്ത് മുഴുവന്‍ സ്വന്തം പേരിലാക്കാന്‍ ആല്‍ബിന്‍ ആഗ്രഹിച്ചു.കോട്ടയത്ത് ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠനത്തിന് ശേഷം തമിഴ്‌നാട് കമ്പത്ത് ട്രെയിനിംഗിനെന്ന് പറഞ്ഞായിരുന്നു ആല്‍ബിന്‍ വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ അവിടെ ഹോട്ടല്‍ ജീവനക്കാരനായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടില്‍ തിരിച്ചെത്തി. ഈ സാഹചര്യത്തിലെ മാനസിക സംഘര്‍ഷവും പ്രതിക്ക് കുറ്റത്തിന് പ്രേരണയായിട്ടുണ്ടാകാമെന്ന് കാസര്‍കോട് എസ്പി പറഞ്ഞു.

SHARE