കലൈഞ്ജര്‍ക്ക് സിനിമയില്‍ ആത്മബന്ധമുണ്ടായിരുന്നത് രണ്ടുപേരോട്; ഒരാള്‍ എം.ജി.ആര്‍, രണ്ടാമന്‍ ഒരു മലയാള നടന്‍

ചെന്നൈ: അന്തരിച്ച ഡി.എം.കെ അധ്യക്ഷന്‍ തന്റെ രാഷ്ട്രീയത്തിന് അടിത്തറ പാകിയതും ജനസമ്മതി നേടിയതും സിനിമയിലൂടെയാണ്. ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നതായിരുന്നു കലൈഞ്ജറുടെ തിരക്കഥകള്‍. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ജനിച്ച സിനിമകളില്‍ അഭിനയിച്ചാണ് എം.ജി.ആര്‍ തമിഴ്മക്കളുടെ തലൈവരായത്. എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള ആത്മബന്ധവും പിന്നീടുണ്ടായ വിരോധവുമെല്ലാം പ്രശസ്തമാണ്.

എന്നാല്‍ എം.ജി.ആര്‍ അല്ലാതെ കരുണാനിധിക്ക് സിനിമാ മേഖലയില്‍ ആത്മബന്ധമുണ്ടായിരുന്ന മറ്റൊരാള്‍ മലയാളിയുടെ പ്രിയതാരമായിരുന്ന കൊച്ചിന്‍ ഹനീഫയായിരുന്നു. എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൃദയം കൊണ്ടുള്ള അടുപ്പം ഹനീഫയോടായിരുന്നു. ഇരുവരും തമ്മില്‍ അടുക്കുന്നത് സിനിമയിലൂടെയാണ്. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത സിനിമ കരുണാനിധി കാണാനിടയായി. ഉടന്‍ തന്നെ ഹനീഫയെ വിളിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ആദ്യം ഫോണിലായിരുന്നു സംസാരം. സിനിമ ഇഷ്ടപ്പെട്ടെന്നും തമിഴില്‍ അത് റീമേക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പാശൈ പറവകള്‍ എന്ന പേരില്‍ തമിഴില്‍ വന്‍ ഹിറ്റായപ്പോള്‍ കരുണാനിധി തുടര്‍ച്ചയായി മൂന്നു സിനിമകളുടെ ചുമതല കൂടി ഏല്‍പിച്ചു. പിന്നീട് അദ്ദേഹം ബന്ധപ്പെടുന്ന എല്ലാ സിനിമാ പ്രോജക്റ്റുകളുടെയും ചര്‍ച്ചകളില്‍ കൊച്ചിന്‍ ഹനീഫ സ്ഥിരം സാന്നിധ്യമായി. ഹനീഫ വന്നാലേ ചര്‍ച്ച നടക്കൂ എന്ന സ്ഥിതി വരെയായി.

അടുത്ത ഊഴം രാഷട്രീയ വേദികളിലായിരുന്നു. അതൊരു തെരെഞ്ഞെടുപ്പു കാലമായിരുന്നു. ഡി.എം.കെ വിജയിച്ചപ്പോള്‍ കരുണാനിധി ഹനീഫയെ വീട്ടിലേക്ക് ക്ഷണിച്ചു. കലൈഞ്ജറുടെ സ്വകാര്യ മുറിയിലായിരുന്നു കൂടിക്കാഴ്ച. അന്ന് കരുണാനിധി കൊച്ചിന്‍ ഹനീഫ ഇരുന്ന കസേരയെ ചൂണ്ടി പറഞ്ഞു. ഈ കസേരയില്‍ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളു. ഒന്ന് എം.ജി.ആര്‍, ഇപ്പോള്‍ ഹനീഫയും. ആ പദവി ഇന്നും ഈ രണ്ടുപേര്‍ക്ക് മാത്രം സ്വന്തമാണ്.

SHARE