കാര്‍ത്തി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി; മാര്‍ച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: യുവ സംരംഭകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം മാാര്‍ച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയില്‍. 14 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനിനെ തുടര്‍ന്ന് ഡൽഹി പാട്യാല കോടതിയുടേതാണ് വിധി.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് കാര്‍ത്തി ചിദംബരം അറസ്റ്റിലായത്. ഇംഗ്ലണ്ടിൽ നിന്ന്  വിമാനമിറങ്ങിയ ഉടനാണ് കാർത്തിയെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കാര്‍ത്തി സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് സി.ബി.ഐയുടെ അറസ്റ്റ്. തുടര്‍ന്ന് കോടതി ഒരു ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സമയപരിധി അവസാനിച്ചതിനെതുടര്‍ന്നാണ് ഇന്ന് വീണ്ടും ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി സുനില്‍ റാണ മുമ്പാകെ ഹാജരാക്കിയത്.

ചോദ്യം ചെയ്യാൻ രണ്ടാഴ്ചത്തെ കാലാവധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസം മാത്രമേ കോടതി അനുവദിച്ചൂളളൂ. കാർത്തി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് ഇതിന് കാരണമായി സി.ബി.ഐ ഉന്നയിച്ചത്.

കാര്‍ത്തിക്കെതിരെ തെളിവുകള്‍ നിരവധിയുണ്ടെന്നും അവ തുറന്ന കോടതിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്നുമുല്ല നിലപാടിലാണ് സിബിഐ. തുടര്‍ന്നാണ് കാര്‍ത്തിയെ മാര്‍ച്ച് ആറ് വരെ
സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്.

 ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം സിബിഐ സംഘം കാർത്തിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

 

മൗറീഷ്യസിൽ നിന്ന് വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുപിഎ ഭരണകാലത്ത് ചട്ടവിരുദ്ധമായി 305 കോടി നിക്ഷേപമായി സ്വീകരിച്ചെന്നാണ് കേസ്. ഐഎൻഎക്സിൽ നിന്ന് ഇതിന്റെ ഇടനില വഹിച്ച കാർത്തി പത്ത് ലക്ഷം രൂപ ഫീസായി വാങ്ങിയെന്നാണ് സിബിഐ കേസ്.

അമ്മയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയുമായ നളിനി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ എത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കാര്‍ത്തി ചിദംബരത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്.


കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യമാണ് സി.ബി.ഐ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും 14 ദിവസ കസ്റ്റഡി ആവശ്യപ്പെട്ടത്. പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ, 2007ല്‍ ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നേടിക്കൊടുക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് കൈക്കൂലി പറ്റിയൈന്നാണ് കേസ്. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ വേട്ടയാടാന്‍ കാര്‍ത്തി ചിദംബരത്തെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കെണിയൊരുക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്.
ഇതിനിടെ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കരരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാര്‍ച്ച് ഏഴിലേക്ക് മാറ്റി. ഫെബ്രുവരി 16നാണ് ഭാസ്‌കരരാമനെ അറസ്റ്റു ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയ അദ്ദേഹത്തെ ഫെബ്രുവരി 26ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയായിരുന്നു. തന്നെ ഇനി കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇല്ലാത്തതിനാല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഭാസ്‌കരരാമന്റെ ആവശ്യം.