കര്‍ണാടക ആവേശം ചെങ്ങന്നൂരില്‍ പ്രതിഫലിക്കും: അഡ്വ. എന്‍.ഷംസുദ്ദീന്‍

ചെങ്ങന്നൂര്‍: ബിജെപിയുടെ കച്ചവട രാഷ്ട്രീയത്തെ മറികടന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മേതേതര മുന്നണി നേടിയ വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. മാന്നാര്‍ പഞ്ചായത്തിലെ ആറാം ബൂത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ജനാധിപത്യത്തെ അട്ടിമറിച്ച് കര്‍ണാടകയില്‍ അധികാരത്തിലേറിയ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ നിയമവ്യവസ്ഥയുടെ പിന്തുണയോടെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടം വിജയിച്ചതില്‍ രാജ്യം മുഴുവന്‍ ആഹ്ലാദിക്കുകയാണ്. എല്ലാം വിലക്ക് വാങ്ങാമെന്ന് കരുതുന്ന നരേന്ദ്രമോദിക്കും അമിത് ഷാക്കുമേറ്റ തിരിച്ചടികൂടിയാണ് കര്‍ണാടകയില്‍ സംഭവിച്ചത്. ജനാധിപത്യത്തെ അധികാരം കൊണ്ട് കീഴടക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം രാജ്യത്തെ മതേതര മുന്നേറ്റത്തിന് കരുത്ത് പകരും. കേരളത്തില്‍ രണ്ട് വര്‍ഷമായി ഭരണ മുരടിപ്പാണ് നിലനില്‍ക്കുന്നത്. പിണറായി സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലേക്കാണ് ഓരോ ദിവസവും തള്ളിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി യോഗം ഉദ്ഘാടനം ചെയ്തു. എ. എ ഷുക്കൂര്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, അഡ്വ. എച്ച്. ബഷീര്‍കുട്ടി,അഡ്വ. യു. മുഹമ്മദ്, മാത്യൂ കുഴല്‍നാടന്‍, സുബ്രമണ്യന്‍, ഷൈന നവാസ്, ഷാജി കുരട്ടിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.