മംഗലാപുരം അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക കേരള ഹൈക്കോടതിയില്‍

മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതിനാലാണ് ഇതെന്നും വാദിച്ചു.

അവിടത്തെ ആശുപത്രികള്‍ കോവിഡ് 19 രോഗ ചികിത്സകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗലാപുരത്ത് ചികിത്സിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കര്‍ണാടക വ്യക്തമാക്കി.
കണ്ണൂര്‍, വയനാട് ജില്ലകളിലായി കേരളത്തിലേക്കുള്ള രണ്ടു റോഡുകള്‍ കര്‍ണാടക തുറന്നിട്ടുണ്ടെന്നും. ആവശ്യമുണ്ടെങ്കില്‍ കണ്ണൂര്‍ കൂട്ടുപുഴ വഴിയുള്ള റോഡ് തുറക്കാന്‍ കലക്ടര്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്നും കര്‍ണാടക വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗലാപുരത്തെ രണ്ടു ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്നും കര്‍ണാടകയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SHARE