സംസ്ഥാന പതാക; മോദിയെ അടിക്കാന്‍ സിദ്ധരാമയ്യക്ക് പുതിയ വടി

 

ബംഗളൂരു: കര്‍ണാടകക്ക് ഔദ്യോഗികമായി പ്രത്യേക പതാക വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മോദിയേയും ബി. ജെ. പിയേയും മറികടക്കാന്‍ സിദ്ധരാമയ്യക്ക് പുതിയൊരു ആയുധം കൂടിയായി ഇതുമാറും.
സംസ്ഥാനത്തിന് ഔദ്യോഗികമായി പ്രത്യേക പതാകയെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി പതാക ഭരണഘടനാ വിരുദ്ധമാവില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംസ്ഥാന പതാക യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഇതേ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ചുവപ്പും മഞ്ഞയും കലര്‍ന്ന പതാക സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. ഭരണഘടന സംസ്ഥാന പതാകകളെ എതിര്‍ക്കുന്നില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉടന്‍ തീരുമാനമെടുക്കാമെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രമുഖ കന്നഡ എഴുത്തുകാരന്‍ പാട്ടീല്‍ പുട്ടപ്പ സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തെ സ്വാഗതം ചെയ്തു. ഈ നാടിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ ഒരു പതാക ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പതാകക്കു താഴെ മാത്രമേ സംസ്ഥാന പതാക പറക്കുകയുള്ളൂവെന്നും ദേശീയതയെ അനാദരിക്കലല്ല ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കമ്മിറ്റിയെ വെച്ചപ്പോള്‍ തന്നെ പ്രതിപക്ഷമായ ബി.ജെ.പി വിവാദവുമായി രംഗത്തു വന്നിരുന്നു. പ്രാദേശിക വാദം തെരഞ്ഞെടുപ്പ് നേട്ടത്തിനായി കോണ്‍ഗ്രസ് കൊണ്ടുവരുന്നുവെന്നാണ് ബി.ജെ.പിയുടെ മുഖ്യ ആരോപണം. സ്‌കൂളുകളില്‍ കന്നട ഭാഷാ പഠനം നിര്‍ബന്ധമാക്കുകയും സംസ്ഥാന ഗാനം ആലപിക്കല്‍ നിര്‍ബന്ധമാക്കുകയും ചെയ്തതിനെയും ബി.ജെ.പി നേരത്തെ എതിര്‍ത്തിരുന്നു.
ബംഗളൂരുവില്‍ മെട്രോ റെയില്‍ സ്‌റ്റേഷനില്‍ ഹിന്ദി ബോര്‍ഡുകള്‍ വെച്ചതിനെതിരെ കന്നട സംഘടനകള്‍ രംഗത്തു വന്നിരുന്നു. നരേന്ദ്ര മോദിയുടെ ജനസമ്മിതിയെ മാത്രം ആശ്രയിച്ച് പ്രചാരണം നടത്തുന്ന ബി.ജെ.പിക്ക് സര്‍ക്കാര്‍ പുതിയ പതാക അംഗീകരിക്കുകയാണെങ്കില്‍ തീരുമാനം കനത്ത വെല്ലുവിളിയായിരിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ രാഷ്ട്രീയ നിരീക്ഷകന്‍ നരേന്ദര്‍ പാണി പറയുന്നു.
ദേശീയ വാദം ഉയര്‍ത്തുന്ന ബി.ജെ.പി ഹിന്ദിക്ക് അമിത പ്രാധാന്യം നല്‍കുമ്പോള്‍ പ്രാദേശിക വാദം കന്നഡികര്‍ക്കിടയില്‍ ചലനമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

SHARE