കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരണം ദിനംപ്രതിയുള്ള ഏറ്റവും ഉയര്‍ന്നഎണ്ണത്തില്‍; ബിജെപിയില്‍ പൊട്ടിത്തെറി; യെദ്യൂരപ്പക്കെതിരെ എംഎല്‍.എമാര്‍

ബെംഗളൂരു: ദിനംപ്രതി സ്ഥിരീകരണത്തില്‍ ഇന്നുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തി കര്‍ണാടകയിലെ കോവിഡ് 19 കേസുകള്‍. ബുധനാഴ്ച മാത്രം 10 പേര്‍ക്കാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ മൊത്തം കേസുകളുടെ എണ്ണം 51 ആയി. സംസ്ഥാനത്ത് ഇതുവരെ 51 കോവിഡ് -19 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായും ഇതില്‍ ഒരാള്‍ മരണപ്പെടുകയും സുഖം പ്രാപിച്ച മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തതായും ”ആരോഗ്യവകുപ്പ് ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ 51 കേസുകളില്‍ 32 എണ്ണവും ബെംഗളൂരുവിലാണ്.

അതേസമയം, കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിനിടയില്‍ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി ബി.എസ്.യെദ്യൂരപ്പയും ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവും തമ്മില്‍ പരസ്യ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരങ്ങള്‍.
കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും ചൊവ്വാഴ്ച യെദ്യൂരപ്പ ശ്രീരാമുലുവില്‍ നിന്ന് എടുത്തുമാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകറിന് കൈമാറിയതോടെയാണ് തര്‍ക്കം മറനീക്കി പുറത്തുവന്നത്. രാജിക്കത്തുമായി ശ്രീരാമുലു യെദ്യൂരപ്പയുടെ വീട്ടിലേക്കെത്തി മുഖ്യന്ത്രിയോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യമേഖലയിലെ സഹായത്തിനായി സുധാകറിനെ യെദ്യൂരപ്പ നിയോഗിച്ചിരുന്നു. എന്നാല്‍ ഉപമുഖ്യന്ത്രിയാകാത്തതില്‍ നേരത്തെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാവാണ് ശ്രീരാമുലു. ഇതിന് പിന്നാലെയാണ് കൊറോണയുടെ ചുമതലകള്‍ പൂര്‍ണ്ണമായും യെദ്യൂരപ്പ സുധാകറിന് കൈമാറിയത്.

രാജ്ഭവന്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ വിവാദം കന്നഡ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ രണ്ട് മണിക്കൂറിനുള്ളില്‍ യെദ്യൂരപ്പ തീരുമാനം റദ്ദാക്കി. എന്നാല്‍, യെദ്യൂരപ്പ കളംമാറ്റിക്കളി കൊറോണ പ്രതിസന്ധിക്കിടെ കൂടുതല്‍ ആശയക്കുഴപ്പത്തിനിടയാക്കുകയാണുണ്ടായത്. ഇതോടെ അസംതൃപ്തരായ എംഎല്‍എമാര്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പക്കെതിരെ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുമായി കൂടിക്കാഴ്ചക്ക് തയ്യാറെടുക്കുന്നതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

യദ്യൂരപ്പയുടെ മലക്കംമറച്ചില്‍ മന്ത്രി.കെ.സുധാകറിനെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുധാകരന്‍, കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിട്ട കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബിജെപിയിലെത്തിയത്. കോണ്‍ഗ്രസ് വിമതരായി പാര്‍ട്ടി വിട്ട 17 എംഎല്‍എമാരില്‍ ഒരാളയ സുധാകര്‍ ചിക്കബല്ലപുരില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയാകുകയായിരുന്നു. ഡോക്ടറും കൂടിയായ അദ്ദേഹത്തിന് മെഡിക്കല്‍ വിഭ്യാഭ്യാസത്തിന്റെ ചുമതലായാണ് യെദ്യൂരപ്പ നല്‍കിയിരുന്നത്.

കോവിഡ് 19 ന് സ്ഥിരീകരണ കേസുകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതായാണ് സൂചന. ഇതിനിടെ മുന്‍ കേന്ദ്രമന്ത്രിയായ കര്‍ണാടക ബിജെപി നേതാവിന്റെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.