കനത്ത മഴയിലും ചോരാത്ത പോരാട്ടവീര്യവുമായി പോളിങ് ബൂത്തില്‍ ഒഴുകിയെത്തി കന്നഡ ജനത

ബംഗളൂരു: വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലും ആവേശം ചോരാതെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. കാലത്തു മുതല്‍ തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാരുടെ പ്രവാഹമായിരുന്നു. നഗരങ്ങളില്‍ കാലത്ത് പോളിങ് മന്ദഗതിയിലായപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ആവേശം പ്രകടമായത്. ബംഗളൂരു നഗരത്തിലാണ് തെരഞ്ഞെടുപ്പിനോട് ഏറ്റവും തണുപ്പന്‍ പ്രതികരണമുണ്ടായത്. കാലത്തുമുതല്‍ ഇവിടെ പോളിങ് മന്ദഗതിയിലായിരുന്നു. വൈകീട്ട് മൂന്നു മണിയോടെ ശരാശരി പോളിങ് 52 ശതമാനത്തില്‍ എത്തിയപ്പോള്‍ ബംഗളൂരു നഗരത്തിലെ പോളിങ് 39 ശതമാനം മാത്രമായിരുന്നു. ബംഗളൂരു റൂറലിലും ഉഡുപ്പിയിലുമാണ് കാലത്ത് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെ എത്തിയ ശക്തമായ കാറ്റും മഴയും ഇടിമിന്നലും നാശം വിതച്ച ഹുബ്ബള്ളിയിലും തെരഞ്ഞെടുപ്പിനോട് തണുപ്പന്‍ പ്രതികരണമായിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറില്‍ ആയതിനെതുടര്‍ന്നാണ് ലൊത്തഗൊള്ളഹള്ളി ബൂത്തില്‍ റീപോളിങ് പ്രഖ്യാപിച്ചു. കാലത്ത് പോളിങ് ആരംഭിച്ചതുമുതല്‍ വോട്ടുചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ടു പതിയുന്നതെന്നും വിവിപാറ്റ് മെഷീനില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു പതിയുന്നതായാണ് കാണിക്കുന്നതെന്നും വോട്ടര്‍മാര്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് ഏതാനും സമയം പോളിങ് നിര്‍ത്തിവെച്ചിരുന്നു. ഒരു മണിക്കൂറിനു ശേഷം പുനരാരംഭിച്ചെങ്കിലും 49 വോട്ടര്‍മാര്‍ ഇതേ പരാതി തന്നെ ഉന്നയിച്ചതോടെ റീപോളിങിന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉത്തരവിടുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 164 വോട്ടിങ് മെഷീനുകള്‍ക്കും 157 കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്കും 470 വിവിപാറ്റ് മെഷീനുകള്‍ക്കും സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക തകരാര്‍ പരിഹരിച്ചും അഡീഷണലായി നല്‍കിയ വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചും ഈ കേന്ദ്രങ്ങളിലെല്ലാം പോളിങ് പുനരാരംഭിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി.

മഹാദേവപുര മണ്ഡലത്തിലെ കിത്താനൂരില്‍ പോളിങ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെതുടര്‍ന്ന് 20 മിനുട്ട് വോട്ടിങ് തടസ്സപ്പെട്ടു. ഇതിനിടെ പോളിങ് അവസാനിക്കുന്ന സമയം വൈകീട്ട് 6.30 വരെ ദീര്‍ഘിപ്പിച്ചതായി വാട്‌സ് ആപ് വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതും അധികൃതരെ കുഴക്കി.

SHARE