കര്‍ണാടകയിലെ തിരിച്ചടി ഭയം; ഇന്ധന വിലയില്‍ ബ്രേക്കിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദൈനംദിന ഇന്ധന വില നിര്‍ണയം കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. തുടര്‍ച്ചയായി എണ്ണവിലയില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കവെ കഴിഞ്ഞ ആറുദിവസമായി ഇത് വ്യത്യാസമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുമ്പോള്‍ രാജ്യത്ത് വില ഒരാഴ്ചയായി മാറാത്തത് എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതിനാലാണെന്നാണ് സൂചന.

ഏതാനും ദിവസങ്ങളായി ഇന്ത്യയില്‍ എണ്ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഡീസല്‍ വിലയിലാണ് വന്‍ കുതിപ്പ്. എക്സൈസ് തീരുവ കുറച്ച് വില സ്ഥിരത കൈവരിക്കണമെന്ന് പ്രതിപകക്ഷികളെല്ലാം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. കര്‍ണാടക തെരഞ്ഞെടുപ്പിലും എണ്ണവിലക്കെതിരെ ജനവികാരം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ പ്രതികൂലമായി സ്വാധീനിക്കുമെന്ന ഭയമാണ് വിലവര്‍ധന തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ എണ്ണക്കമ്പനികളോട് നിര്‍ദേശിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം.