പ്രതിഷേധിക്കുന്ന മുസ്‌ലിംകള്‍ ഗോധ്ര ഓര്‍ക്കണം; ഭീഷണിയുമായി കര്‍ണാടക മന്ത്രി

ബെംഗളുരു: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്‌ലിംകള്‍ ഗോധ്ര ഓര്‍ക്കുന്നത് നല്ലതാണെന്ന ഭീഷണിയുമായി കര്‍ണാടക മന്ത്രി. കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി സി.ടി രവിയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഡിസംബര്‍ 19ന് മാധ്യമങ്ങളോട് സംസാരിക്കുന്നതായി പുറത്തുവന്ന വീഡിയോയില്‍ സി ടി രവി പറയുന്നതിങ്ങനെ, ”ഇതേ അവസ്ഥയിലാണ് ഗോധ്രയില്‍ ഒരു തീവണ്ടി തീ വച്ച് നശിപ്പിച്ചത്. ആ മാനസികാവസ്ഥയുള്ള ആളുകള്‍ കര്‍സേവകരെ തീവച്ചു കൊന്നു. ഇവിടത്തെ ഭൂരിപക്ഷം ക്ഷമയുള്ളവരായതിനാല്‍ എല്ലായിടത്തും തീ വയ്ക്കാനാണ് നിങ്ങള്‍ നോക്കുന്നത്. നിങ്ങളൊന്ന് തിരിഞ്ഞ് നോക്കിയാല്‍ മതി. ഭൂരിപക്ഷത്തിന്റെ ക്ഷമ കെട്ടാല്‍ എന്ത് സംഭവിക്കുമെന്നറിയാന്‍..”- സിടി രവി പറഞ്ഞു.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ യു.ടി ഖാദറിനെക്കുറിച്ച് മന്ത്രി പറയുന്നതിങ്ങനെ: ”ഇതിനൊരു തിരിച്ചടിയുണ്ടായാല്‍ അത് എങ്ങനെയാകുമെന്ന് ഖാദറിനറിയാം എന്നാണ് ഞാന്‍ കരുതുന്നത്. ഗോധ്രയില്‍ തീവണ്ടി കത്തിക്കപ്പെട്ട ശേഷം ജനങ്ങള്‍ മുന്നേറ്റവുമായി ഇറങ്ങിയത് ഖാദര്‍ കണ്ടതാണല്ലോ”.

ബുധനാഴ്ച പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിനിടെ, കര്‍ണാടകയില്‍ നിയമഭേദഗതി നടപ്പാക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശ്രമിച്ചാല്‍ സംസ്ഥാനത്ത് തീക്കട്ട തെറിക്കുമെന്ന് ഖാദര്‍ പ്രസംഗിച്ചിരുന്നു.

അതേസമയം, മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അവിടെ നിന്ന് വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവര്‍ എവിടെയാണെന്ന് ഇതുവരെ വിവരങ്ങളില്ല. ഇവര്‍ അക്രമത്തിന് വന്നവരാണെന്നാണ് പൊലീസ് പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

SHARE