കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; പ്രകടന പത്രികക്ക് ജനുവരിയില്‍ അന്തിമ രൂപമാകും

മംഗലാപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയ്യാറാക്കുന്ന പ്രകടന പത്രികക്ക് ജനുവരി അവസാനത്തോടെ അന്തിമ രൂപമാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പമൊയ്‌ലി. മംഗലാപുരത്തെ മടിക്കേരിയില്‍ നടന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ, പ്രകടന പത്രികാ കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ മൊയ്‌ലി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ജനുവരി 15ന് പ്രകടന പത്രിക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര, മുഖ്യമന്ത്രി സിതാരാമയ്യ എന്നിവര്‍ക്ക് സമര്‍പ്പിക്കും. ഇവരുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷമായിരിക്കും അന്തിമ പ്രകടന പത്രിക തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാവര്‍ത്തികമാക്കാവുന്ന വാഗ്ദാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാവണം പ്രകടന പത്രിക തയ്യാറാക്കേണ്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വീരപ്പമൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2018 ആദ്യമാസങ്ങളിലായിരിക്കും കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

SHARE