അതിര്‍ത്തി ഒരു കാരണവശാലും തുറന്നുതരില്ല; യെദ്യൂരപ്പ

ബെംഗളൂരു: കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മംഗളൂരുവിലെ ജനങ്ങളുടെ ജീവിതം അപകടപ്പെടുത്തുന്ന ഒരു തരത്തിലുള്ള തീരുമാനവും സംസ്ഥാനം സ്വീകരിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ അയച്ച കത്തിന് മറുപടി നല്‍കവേയാണ് യെദിയൂരപ്പ നിലപാട് വ്യക്തമാക്കിയത്.

‘കര്‍ണാടകയിലെ ജനങ്ങളുടെ താല്‍പര്യമാണ് സര്‍ക്കാരിന് പ്രധാനം. അതിര്‍ത്തി അടക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണ്. ഇതില്‍ രാഷ്ട്രീയ വിദ്വേഷമൊന്നുമില്ല. അയല്‍ സംസ്ഥാനങ്ങളോട് നല്ല സ്‌നേഹബന്ധം പുലര്‍ത്തണമെന്ന് തന്നെയാണ് തങ്ങളുടേയും നിലപാട്’- യെദ്യൂരപ്പ പറഞ്ഞു.

അതിര്‍ത്തി അടച്ചതു കാരണം ചികിത്സക്കു കൊണ്ടുപോകാന്‍ കഴിയാതെ രോഗികള്‍ മരിക്കുകയും ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നേരത്തെ കത്തയച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കി നാളെ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെയാണ് നിലപാടിലുറച്ച് യെദിയൂരപ്പ രംഗത്തെത്തിയത്.