ബംഗളൂരു: മുഖ്യന്ത്രി ബി.എസ്.യെദ്യൂരപ്പയുമായുള്ള തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ വീണ്ടും വിവാദത്തിലായി കര്‍ണാടക ആരോഗ്യ മന്ത്രി ബി.ശ്രീരാമുലു. കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രികൂടിയായി ബി ശ്രീരാമുലു ഒരു സുരക്ഷയും കൂടാത ആള്‍ക്കൂട്ടത്തോടൊപ്പം ഘോഷയാത്രയില്‍ പങ്കെടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ചിത്രദുര്‍ഗയിലെ ഘോഷയാത്രയിലാണ് കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ഏര്‍പ്പെടുത്തിയ സാമൂഹിക അകലം മാസ്ക് തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച വലിയ ജനക്കൂട്ടത്തോടൊപ്പം ആരോഗ്യമന്ത്രിയും പരിപാടിയില്‍ പങ്കെടുത്തത്.
പൊതുസ്ഥലങ്ങളില്‍ ധരിക്കേണ്ടത് നിര്‍ബന്ധമായ മാസ്ക് ശ്രീരാമുലു ധരിച്ചിരുന്നില്ല. ബിജെപി നേതാവിന്റെതായി പുറത്തുവന്ന വീഡിയോയില്‍ അനുയായികള്‍ക്കും പാര്‍ട്ടി അംഗങ്ങളുമായി വളരെ അടുത്ത് നില്‍ക്കുകയായിരുന്നത് വ്യക്തമാണ്. ജനക്കൂട്ടത്തില്‍ പലരും മുഖംമൂടിധ ധരിച്ചിരുന്നില്ല.
ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ നിലവില്‍ വിമത ഭീഷണി നേരിടുകയാണ്. നേരത്തെ യെദ്യൂരപ്പയുമായി പരസ്യമായി തര്‍ക്കത്തിലേര്‍പ്പെട്ട ഖനികളുടെ നാടായ ബെള്ളാരിയില്‍നിന്നുള്ള നേതാവാണ് ബി ശ്രീരാമുലു. കോടികള്‍ ചിലവഴിച്ച് ലക്ഷത്തിലധികംപേരെ പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയ ബി. ശ്രീരാമുലുവിന്റെ നടപടി നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും യെദ്യൂരപ്പ ശ്രീരാമുലുവില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യന്ത്രി ബി.എസ്.യെദ്യൂരപ്പയുമായി പരസ്യമായി ശ്രീരാമുലു തര്‍ക്കത്തിലേര്‍പ്പെട്ടതോടെ പദവി തിരിച്ചുകൊടുക്കുകയായിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രഭാത അപ്ഡേറ്റ് പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 2028 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് -19 രോഗം മൂലം 51 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.