രാജിക്കത്ത് പൂര്‍ണമല്ലെന്ന് സ്പീക്കര്‍; എം.എല്‍.എമാരെ നേരില്‍ കാണണമെന്നും ആവശ്യം

ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാവുന്നു. എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന്് സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അറിയിച്ചു കഴിഞ്ഞു. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ താന്‍ തീരുമാനങ്ങളെടുക്കൂ എന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം രാജിവച്ച എംഎല്‍എമാരോട് കാര്യങ്ങള്‍ നേരില്‍ക്കണ്ട് സംസാരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്റെ കയ്യിലെത്തിയ 13 രാജികത്തുകളില്‍ എട്ടെണ്ണവും ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ ഓഫീസിലില്ലാത്ത സമയത്താണ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും രാജിക്കത്ത് ഓഫീസില്‍ സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ രാജി തള്ളിക്കളയാനും സാധ്യതയുണ്ട്.

അതേസമയം കൂടികാഴ്ചക്ക് ശേഷം 13 എംഎല്‍എമാരുടെയും രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സാങ്കേതികപരമായിത്തന്നെ ന്യൂനപക്ഷമായി ചുരുങ്ങും. ഇത് ഗവര്‍ണര്‍ക്ക് വിഷയത്തിലിടപെടാന്‍ കാരണമാവും. ഇതോടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് വിശ്വാസവോട്ട് തേടേണ്ട അവസ്ഥയുണ്ടാവും. ഇത് കര്‍ണാടകയ രാഷ്ടീയത്തില്‍ വീണ്ടും കസേര മാറ്റത്തിന് കാരണമാവും.

അതേസമയം കോണ്‍ഗ്രസ് കടുത്ത നീക്കങ്ങളുമായി തന്നെയാണ് നിലകൊള്ളുന്നത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ വരെ നിയമസഭാകക്ഷിയോഗം തീരുമാനമെടുത്തിട്ടുണ്ട്. രാജിവച്ച എംഎല്‍എമാരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ഇതിനായി എംഎല്‍എമാര്‍ക്കെല്ലാം വിപ് ഇതിനകം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാന്‍ കക്ഷിനേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പേ ഈ ശുപാര്‍ശ പരിഗണിക്കാനും സാധ്യതയുണ്ട്. എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നത് പരമാവധി നീട്ടിക്കിട്ടാനും അനുനയശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രതിസന്ധി മറികടക്കാന്‍ രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇതിനിടെ എം.എല്‍.എമാരെ ബി.ജെ.പി ഗോവയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി. ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുണെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കം.

എട്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സഖ്യ സര്‍ക്കാരിനെതിരെ നിലപാടുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒരു സ്വതന്ത്രനും സഖ്യസര്‍ക്കാരിലെ മറ്റൊരു പാര്‍ട്ടിയായ കെ.പി.ജെ.പിയിലെ ഏക അംഗവും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും ബി.ജെ.പി പക്ഷത്തിന് 107 പേരുടെ പിന്തുണയുമായി കണക്കുകള്‍ മാറി.

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ അവരെ അയോഗ്യരാക്കാനുള്ള നീക്കം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടും. സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമതര്‍ക്ക് സാധിക്കില്ല. എന്നാല്‍ ഈ ഭീഷണിയോട് വിമതര്‍ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനായി കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദിനേശ് ഗുണ്ടറാവു, സിദ്ധരാമയ്യ, ജി. പരമേശ്വര എന്നിവര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച നടത്തും.