കര്‍ണാടകയില്‍ കാലുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അമിത്ഷാ; വെളിപ്പെടുത്തലുമായി യെദ്യൂരപ്പ

കോണ്‍ഗ്രസ്സ് – ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇടവരുത്തിയ കാവുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് ബിഎസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.
കര്‍ണാടകയിലെ ബിജെപി എംഎല്‍എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍ അതിനെ മറികടക്കാന്‍ സ്വയം ന്യായീകരിച്ചു കൊണ്ട് യെദ്യൂരപ്പ സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

വിമത എംഎല്‍എ മാരെകൊണ്ട് തീരുമാനങ്ങളെടുപ്പിച്ചത് ഞാനല്ല ദേശീയ അധ്യക്ഷനാണ് മേല്‍നോട്ടം വഹിച്ചത്. 17 എംഎല്‍എമാര്‍ രണ്ടോ മൂന്നോ മാസത്തോളം തങ്ങളുടെ മണ്ഡലത്തിലേക്ക് പോവാതെ മുംബൈയില്‍ കഴിഞ്ഞു. അവര്‍ക്ക് അവരുടെ കുടുംബത്തെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. അത് നിങ്ങള്‍ക്കറിയാമായിരുന്നില്ലേ. അങ്ങനെയല്ലേ, യെദ്യൂരപ്പ പ്രവര്‍ത്തകരോടായി പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. രേഖ പുറത്ത് വന്നതോടെ പ്രതികരണവുമായി യെദ്യൂരപ്പ എത്തി. എന്നാല്‍ ഓഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്യാനോ തെറ്റാണെന്ന് പറയാനോ അദ്ദേഹം മുതിര്‍ന്നിട്ടില്ല. മറിച്ച് പ്രവര്‍ത്തകരോട് സംവദിക്കുന്നതിന്റെ ഓഡിയോ പുറത്തായതില്‍ പ്രത്യേകിച്ച് പ്രശ്‌നം ഒന്നും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

SHARE