ബെംഗളൂരു: കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ഭരണ പാര്‍ട്ടിയായ ബിജെപിക്ക് വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ പത്തെണ്ണത്തിലും ബി.ജെ.പി. വെല്ലുവിളി നേരിടുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിമത എംഎല്‍എമാക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൂട്ടമായാ പ്രചാരണം നടന്നതാായും റിപ്പോര്‍ട്ടുണ്ട്. കന്നട വോട്ടര്‍മാരെ വഞ്ചിച്ച ദേശീയ വിരുദ്ധരും നിരുത്തരവാദികളും സ്വാര്‍ത്ഥരുമായ വിഢ്ഢികള്‍ക്ക് വോട്ട് ചെയ്യരുതെന്ന പ്രചാരണം കര്‍ണാടകയില്‍ ശക്തമായിരുന്നു.
ബി.ജെ.പി.യെ പിന്തുണയ്ക്കുമെന്ന നിലപാടില്‍നിന്ന് പിന്നോട്ടുപോയ ജെ.ഡി.എസുമായി വീണ്ടും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളും നടക്കുന്നതായാണ് വിവരം. മഹാരാഷ്ട്രയില്‍ അവസാന നിമിഷം ബി.ജെ.പിയെ വെട്ടിലാക്കി ശരത് പവാറിന് കീഴില്‍ എന്‍സിപി-ശിവസേന പാര്‍ട്ടികളുമായി നടത്തിയ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തിപകരുന്നത്. ഫലത്തില്‍ ബി.ജെ.പി.ക്ക് ഭൂരിപക്ഷം നഷ്ടമായാല്‍ വീണ്ടും സഖ്യസര്‍ക്കാരിനുള്ള സാധ്യതയാണ് തേടുന്നത്. ഇതിനായി ഡികെ ശിവകുമാറിന് പിന്നാലെ കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷവും ജെ.ഡി.എസുമായി ചര്‍ച്ചക്ക് തയ്യാറായതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ സഖ്യസര്ക്കാരുണ്ടാക്കുന്നതിനുപിന്നില് പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടകയിലുണ്ട്.
224 അംഗ നിയമസഭയില്‍ 105 സീറ്റുകളോടെ ബിജെപിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേവല ഭൂരിപക്ഷമായ 112ല്‍ എത്താന്‍ കുറഞ്ഞത് 6 സീറ്റില്‍ ബിജെപി ജയിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുലഭിച്ചാല്‍ ബി.ജെ.പി. സര്‍ക്കാര്‍ വീഴും. ബി.ജെ.പി.ക്ക് ആറുസീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നാണ് വാദം. ഡിസംബര്‍ 9 നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുക.
അതെസമയം, ഉപതിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്കിയ ആത്മവിശ്വാസത്തില്‍ മന്ത്രിസഭാ വികസനത്തിനൊരുങ്ങിയ ബിജെപിയില്‍ അധികാതര്ക്കം ഉടലെടുത്തതായി റിപ്പോര്‍ട്ട്. വിമതര്‍ ജയിക്കുന്നതോടെ അവര്‍ക്കെല്ലാം മന്ത്രിസ്ഥാനം ലഭിക്കുമെന്ന അഭ്യൂഹവും ശക്തമായതാണ് മുഖ്യമന്ത്രി യെഡിയൂരപ്പയെ കുഴക്കുന്നത്. ജൂലൈയില്‍ അധികാരമേറ്റ സര്‍ക്കാരില്‍ നിലവില്‍ മുഖ്യമന്ത്രിയും 3 ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ 18 മന്ത്രിമാരാണുള്ളത്. പരമാവധി 34 മന്ത്രിമാര്‍ ആകാമെന്നതിനാല്‍ 16 സീറ്റുകള്‍ ഒഴിവുണ്ട്. എന്നാല്‍ റിസല്‍റ്റ് അനുകൂലമായാല്‍ സാമുദായിക, പ്രാദേശിക സമവാക്യങ്ങള്‍ പാലിക്കുകയെന്നതു പാര്‍ട്ടിക്കു തലവേദനയാകും.
തെരഞ്ഞെടുപ്പിനു മുന്‍പേ യെഡിയൂരപ്പ നല്കിയ വാഗ്ദാനങ്ങളും ചിലര്‍ ജയിച്ചാല്‍ മന്ത്രിയാക്കുമെന്നു മുതിര്‍ന്ന നേതാവ് കെ.എസ്.ഈശ്വരപ്പയുടെ വാക്കുകളുമാണ് പാര്‍ട്ടില്‍ ഭിന്നതയുണ്ടാക്കുന്നത്.
അതിനിടെ ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി പ്രതികരണം നടത്തിയ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ വിവാദത്തിലായി. ഉപമുഖ്യമന്ത്രി പദത്തൈ ബോളിവുഡ് നടി ഐശ്വര്യ റായിയോട് ഉപമിച്ചതാണ് വിവാദമായത്. ‘ആര്‍ക്കാണ് ആ പദവിയില്‍ താല്പര്യം ഇല്ലാത്തത്? യുവാക്കള്‍ക്കും വയസ്സാവര്ക്കുമെല്ലാം ഐശ്വര്യ റായിയെ വേണം. പക്ഷേ ഒരേയൊരു ഐശ്വര്യയല്ലേ ഉള്ളു. എല്ലാവര്ക്കും ഉപമുഖ്യമന്ത്രിയാകണം. പക്ഷേ ഇത്രയധികം ഉപമുഖ്യമന്ത്രിപദം സൃഷ്ടിക്കുക സാധ്യമല്ല. ജയിക്കുന്ന വിമത എംഎല്‍എമാര്‍ക്ക് എന്തെല്ലാം സ്ഥാനം നല്കുമെന്നു തനിക്കറിയില്ലെന്നും അതെല്ലാം മുഖ്യമന്ത്രി യെഡിയൂരപ്പ തീരുമാനിക്കുമെന്നുമായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം.
15 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 9-12 സീറ്റുകള്‍ ബിജെപിക്ക് കിട്ടുമെന്നാണു പ്രവചനം.
എന്നാല്‍, ഉപതിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനത്തിനനുസരിച്ചാവും തുടര്‍ നീക്കങ്ങളെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് മുന്കൈയെടുത്തത്് ദേവഗൗഡയായിരുന്നു.
2018ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും ഇരുപാര്‍ട്ടികളില്‍നിന്നും 17 എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഇനി ഇടക്കാലതിരഞ്ഞെടുപ്പുണ്ടാവില്ലെന്നും സര്‍ക്കാരുണ്ടാകുമെന്നും കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അധികാരത്തില്‍വരുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു.